കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ എന്നാണ് ചൊല്ല്. കാരണം ഏതൊരു ജീവികൾക്കും അത്രമാത്രം പ്രധാനപ്പെട്ടതാണ് ഇരുകണ്ണുകളും. അതിനാൽ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിൽ ഇനി മുതൽ പ്രത്യേകം ശ്രദ്ധ നൽകാം.
- കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകങ്ങളും ധാതുക്കളും എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിൻ എ, സി, ഡി, ഇ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാൽ ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നട്‌സും മത്സ്യവുമൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
- ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചീര വർഗങ്ങൾ, കാബേജ് തുടങ്ങിയവ കഴിക്കുന്നത് കാഴ്ച്ച മങ്ങലടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
- ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് ഏറെ ഗുണകരമാണ്. വിറ്റാമിൻ എയും അടങ്ങിയിരിക്കുന്നതിനാൽ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
- സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറികളെല്ലാം തന്നെ കഴിക്കുന്നത് കണ്ണിന് വളരെയേറെ ഗുണം ചെയ്യുന്നു. ബെറിയിലടങ്ങിയിരിക്കുന്ന ‘ആന്തോസയാനിൻ’ എന്ന ഫ്ളേവനോയിഡ് കാഴ്ചാശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മലിനീകരണവും പൊടിയും കണ്ണുകളിലുണ്ടാക്കുന്ന കേടുപാടുകളും പരിഹരിക്കാൻ ബെറികളിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾക്ക് സാധിക്കുന്നു.
- മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി പോലെയുള്ള ചെറിയ മീനുകൾ തെരഞ്ഞെടുത്ത് കഴിക്കാം.
- ഒപ്പം വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കാം. കണ്ണുകളിലെ ഡ്രൈനസ്സ് കുറയ്ക്കാനും ശരീരത്തിൽ ജലാംശം അത്യാവശ്യമാണ്.
- പ്രോട്ടീൻ സമ്പുഷ്ടമായ മുട്ടയിൽ ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. ഇവ സ്ഥിരമായി കഴിക്കുന്നത് നേത്രാരോഗ്യത്തിന് ഗുണം ചെയ്യും.
- കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കുക.
- കൂടാതെ,സൂര്യപ്രകാശം നേരിട്ട് കണ്ണുകളിൽ പതിക്കാതിരിക്കാൻ സൺഗ്ലാസുകളും ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ കൂളിംഗ് ഗ്ലാസുകൾ ധരിക്കാനും ശ്രദ്ധിക്കുക.