കോഴിക്കോട് : എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഭരണകൂടം നാടിന് ആപത്താണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കവി പി.കെ ഗോപി. ഇടത് സര്‍ക്കാരിന്റെ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.എം രവീന്ദ്രന്‍ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലച്ചോര്‍ മയക്കികിടത്തുന്നതിലല്ല, വിളിച്ച് ഉണര്‍ത്തുന്നതിലാണ് നയ രൂപീകരണത്തിന്റെ ജനകീയ ശക്തി വെളിപ്പെടുത്തേണ്ടത്. ലയം ഇല്ലാത്ത വിദ്യയും ലയം ഇല്ലാത്ത ദേവസന്നിധിയും നിരര്‍ത്ഥകമായ നിര്‍മ്മിതികളാണ്. ഏറെ കാലം ഭാഷയും സംസ്‌കാരവും കവിതയും കുട്ടികളെ പഠിപ്പിച്ച ഒരധ്യാപകന് മദ്യ നടത്തിനെതിരെ തെരുവിലിറങ്ങേണ്ടി വന്നത് ദയനീയമാണ്. അതുകണ്ട് വലിയ അഭിമാനത്തോടെയല്ല ഉദ്ഘാടനം ചെയ്യുന്നതെന്നും കവി കൂട്ടിച്ചേര്‍ത്തു.
കവി പി.കെ ഗോപി കവിത ചൊല്ലി ഉദ്ഘാടന പ്രസംഗം നടത്തി. മുഖ്യാതിഥിയായ ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ രവീന്ദ്രനെ ഷാള്‍ അണിയിച്ചു. മാനാഞ്ചിറ ഡി.ഡി.ഇ ഓഫീസിന് മുമ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പ്രൊഫ.ഒ.ജെ ചിന്നമ്മ, അലവിക്കുട്ടി ബാഖഫി, ഏട്ടന്‍ ശുകപുരം, സിദ്ദീഖ് മൗലവി അയലക്കാട്, പൊയിലില്‍ കൃഷ്ണന്‍, ടി.കെ അസീസ്, സിസ്റ്റര്‍ മോറില്ല, രാജീവന്‍ ചൈത്രം, അബു അന്നശ്ശേരി, ഗൗരീ ശങ്കരന്‍, വാസന്തി മാക്കാത്ത്, ആന്റണി ജേക്കബ് ചാവറ, ഫിലോമിന ടീച്ചര്‍, ബീന പൂവത്തില്‍, മനോജ് കുമാര്‍ ബാലുശ്ശേരി, ശബരി മുണ്ടക്കല്‍, ഷഫീഖ് എളേറ്റില്‍, ആഷിഖ് അന്നശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. കഥാകൃത്ത് യു.കെ കുമാരന്‍ നാരങ്ങനീര് നല്‍കി ഉപവാസം അവസാനിപ്പിക്കും.