ആലുവ സംഭവം പൂര്‍ണ ഉത്തരവാദിത്യം സര്‍ക്കാരിന്: എ.ഐ.വൈ.എല്‍

ആലുവ സംഭവം പൂര്‍ണ ഉത്തരവാദിത്യം സര്‍ക്കാരിന്: എ.ഐ.വൈ.എല്‍

കോഴിക്കോട്: സാക്ഷരതാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം ഇപ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആലുവയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന സംഭവമാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വരുന്നതില്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവും ഇല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഇത്തരം ഗൗരവമായ സംഭവം തടയുന്നതില്‍ നിന്നു പോലീസ് സംവിധാനം പാടെ പരാജയപ്പെട്ടത് ആഭ്യന്തര വകുപ്പ് നിഷ്‌ക്രിയമായതു കൊണ്ടാണ്.

പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചത് കൊണ്ട് മാത്രമായില്ല, ശക്തമായ ബോധവല്‍ക്കരണത്തിലൂടെ സാമൂഹ്യ തിന്മകള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനം സംഘടിപ്പിക്കേണ്ടതുണ്ട്. പിഞ്ചു കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്റെയാകെ വേദനയായി മാറുകയാണ്.

എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഏകീകൃത ലേബര്‍ കാര്‍ഡ് സംവിധാനം കൊണ്ടു വരികയും ഇത് പോലുള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ ഈ നാട്ടില്‍ നിന്നു പുറത്താക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. കേരളത്തില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതമല്ല എന്നതിന്റെ തെളിവാണ് ആലുവയില്‍ ഉണ്ടായ ഈ ദൗര്‍ഭാഗ്യകരമായ സംഭവം വെളിവാക്കുന്നത്. ഇതിന്റെ ധാര്‍മികമായ ഉത്തരവാദിത്യത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ ആവുകയില്ല. മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും യുവജനങ്ങളെ രക്ഷിക്കാന്‍ എല്ലാ യുവജന സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ആള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ യുവജന സംഘടന ആയ എ.ഐ.വൈ.എല്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *