കോഴിക്കോട്: കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന പതിയത്ത് ശശികുമാറിന്റെ വര്‍ണ്ണ വൃക്ഷ ദേവ വൃക്ഷ ഏകാംഗ ചിത്ര-ശില്‍പ പ്രദര്‍ശനം അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ജൂലൈ 26ന് ആരംഭിച്ച് ആഗസ്ത് 4ന് അവസാനിക്കും.
പ്രദര്‍ശനത്തില്‍ കലാകാരന്റെ നാല്‍പത്തഞ്ചോളം ചിത്രങ്ങളും തിരഞ്ഞെടുത്ത ശില്‍പങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശികുമാറിന്റെ ചിത്രങ്ങളും ശില്‍പങ്ങളും വളരെ ലളിതമായ ഭാഷയിലുള്ളതും കാഴ്ചക്കാര്‍ക്ക് പരിചിതമായ ലോകത്തിന്റെ വിചിന്തിതമായ ചിത്രീകരണങ്ങളുമാണ്. വളരെ പരിചിതമായ ഒന്നിന്റെ പുതുതായ ഒരു ദൃശ്യ തലം ശശികുമാര്‍ തന്റെ ചിത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നു. കലാകാരന്‍ തന്റെ ജീവിത വഴിയില്‍ ഒപ്പിയെടുത്ത നിറങ്ങളും രൂപങ്ങളും വിഷയങ്ങളും ചിത്രതലത്തില്‍ പരുവപ്പെടുത്തിയിരിക്കുന്നതാണ് ഈ രചനകള്‍. ജലഛായത്തിലും അക്രിലിക്കിലുമുള്ള ചിത്രങ്ങളും ടെറാക്കോട്ട ശില്‍പങ്ങളും അനായാസമായ കൈത്തഴക്കത്തോടെ ചെയ്‌തെടുത്തവയാണ്. ഭാവനാത്മകമോ സ്വപ്‌നതുല്യമോ ആയ നിറങ്ങളില്‍ രൂപങ്ങള്‍ കോര്‍ത്തിണക്കി ജീവിതാഴങ്ങള്‍ പ്രകാശിപ്പിക്കുന്നതായാണ് ശശികുമാറിന്റെ ചിത്രങ്ങളുടെ ഒറ്റ നോട്ടത്തില്‍ തന്നെയുള്ള ദൃശ്യാനുഭവം.
പ്രിന്റ് ഡിസൈനായും ചിത്രകലാ പരിശീലകനായും ജോലി നോക്കുന്ന ഒരാള്‍ തന്റെ കലയോട് കാണിക്കുന്ന അടുപ്പം ഓരോ ചിത്രങ്ങളിലും ശില്‍പങ്ങളിലും ദൃശ്യമാണ്. അത്ര ലളിതമല്ലാത്ത ജീവിത വിഷയങ്ങള്‍ ചിത്രങ്ങളായൊരുക്കുമ്പോള്‍ അത് ഖനമുള്ള ഒരു സങ്കീര്‍ണ ചിത്രമായി ശേഷിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരിക്കുന്നതായി ശശികുമാറിന്റെ രചനകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാവുന്നതാണ്. ഒരു കലാസൃഷ്ടി ആവശ്യപ്പെടുന്ന സംവേദനത നിറങ്ങളുടെയും രൂപങ്ങളുടെയും സമ്മേളനത്തില്‍ ദൃശ്യമാകുന്നു.
തന്റെ ചെറുപ്പകാലവും തെയ്യവും തിറയും ഉത്സവങ്ങളും കളമെഴുത്തും പുള്ളുവന്‍ പാട്ടും, നിത്യേന കേള്‍ക്കുന്ന ഭീതിപ്പെടുത്തുന്ന യുദ്ധ വാര്‍ത്തകളും ചിത്രങ്ങളും, സമകാലീന കലാമേഖലയുമൊക്കെ ശശികുമാര്‍ തന്റെ ചിത്രങ്ങളിലൂടെയും ശില്‍പങ്ങളിലൂടെയും പ്രകാശിതമാക്കുന്നു.
കോഴിക്കോട് ജില്ലയില്‍ എരഞ്ഞിപ്പാലം സ്വദേശിയായ പതിയത്ത് ശശികുമാര്‍, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനും പ്രീ ഡിഗ്രിക്കും ശേഷം യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ ചിത്രകലാ വിദ്യാഭ്യാസവും ബാംഗ്ലൂര്‍ ടെക്‌നിക്കല്‍ ഡിസൈന്‍ സെന്ററില്‍ നിന്നും ടെറാക്കോട്ട സെറാമിക്‌സ് പരിശീലനവും പൂര്‍ത്തിയാക്കി. ബാംഗ്ലൂരില്‍ ടെക്‌നിക്കല്‍ ഡിസൈനര്‍ ആയും കേരളത്തില്‍ പത്ര-മാസികകളില്‍ ലേ-ഔട്ട് ആര്‍ട്ടിസ്റ്റായും ജോലി ചെയ്തു. മലപ്പുറം വരക്കൂട്ടം ആര്‍ട്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന വൃദ്ധസദനത്തിലെ ആര്‍ട്ട് ക്യാമ്പ്, കോഴിക്കോട് ടൂറിസം പ്രമോഷന്റെ ഭാഗമായി നടത്താറുള്ള ചിത്ര കൂട്ടായ്മ, 2018ലെ കേരള ലളിത കലാ അക്കാദമി ആര്‍ട്ട് ക്യാമ്പ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സ്‌കൂളുകളിലും സിമന്റ് മ്യൂറലുകളും ചിത്രങ്ങളും വരച്ചു നല്‍കിയിട്ടുണ്ട്.
എ സി കെ രാജ അവാര്‍ഡ് ഫോര്‍ സ്‌കള്‍പ്ചര്‍, ബെസ്റ്റ് ഇലസ്‌ട്രേറ്റര്‍ അവാര്‍ഡ്(പ്രിയദര്‍ശിനി മാസിക), മികച്ച ആര്‍ട്ട് ഡയറക്ടറിനുള്ള അവാര്‍ഡ്(അതിരുകള്‍ ടെലിഫിലിം) എന്നിവ നേടിയിട്ടുണ്ട്. പ്രദര്‍ശന സമയം രാവിലെ 11 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ്.