മണിപ്പൂര്‍ സന്ദര്‍ശിച്ച് ‘ ഇന്ത്യ’; പ്രധാനമന്ത്രിയുടേത് ലജ്ജിപ്പിക്കുന്ന നിസ്സംഗത

മണിപ്പൂര്‍ സന്ദര്‍ശിച്ച് ‘ ഇന്ത്യ’; പ്രധാനമന്ത്രിയുടേത് ലജ്ജിപ്പിക്കുന്ന നിസ്സംഗത

സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ഗവര്‍ണറോട്

ഇംഫാല്‍: കലാപ കലുഷിതമായ മണിപ്പൂര്‍ സന്ദര്‍ശിച്ച് ‘ ഇന്ത്യ’ പ്രതിനിധികള്‍. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ഗവര്‍ണര്‍ അനുസൂയ ഉയ്‌കേയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷസഖ്യം പ്രതിനിധികള്‍. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ എം.പിമാര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് നിവേദനം കൈമാറി. ‘ഇന്ത്യ’യുടെ പ്രതിനിധികള്‍. വിവിധപ്രദേശങ്ങളും അഭയാര്‍ഥി ക്യാംപുകളും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷ എം.പിമാര്‍ ഗവര്‍ണറെ ധരിപ്പിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്നും പ്രതിപക്ഷ പ്രതിനിധികള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

140ലേറെ മരണം, 500ലേറെ പേര്‍ക്ക് പരുക്ക്, 5000ത്തിലധികം വീടുകളുടെ നാശം, 60,000ത്തിലധികം ആളുകള്‍ക്ക് ദുരിതാശ്വാസ ക്യാംപുകളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം എന്നിവയെല്ലാം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പരാജയമാണിത്. മെയ് മൂന്നുമുതല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രമസമാധാന തകര്‍ച്ചയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ഗവര്‍ണര്‍ അറിയിക്കണം. വിഷത്തില്‍ പ്രധാനമന്ത്രിയുടേത് ലജ്ജാകരവും ധിക്കാരപരവുമായ നിസ്സംഗതയാണെന്നും പ്രതിപക്ഷം നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണപക്ഷവും പ്രതിപക്ഷവും യോജിപ്പിലെത്തി ഒരു സര്‍വകക്ഷി സംഘത്തെ സംസ്ഥാനം സന്ദര്‍ശിക്കാന്‍ അയയ്ക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ മുന്നോട്ടുവച്ചതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ”ഞങ്ങള്‍ ഗവര്‍ണറുമായി സംസാരിച്ചു. രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ പറഞ്ഞതെല്ലാം അവര്‍ അംഗീകരിച്ചു. മണിപ്പൂരിലെ സാഹചര്യങ്ങളില്‍ വേദനയും സങ്കടവും ഗവര്‍ണറും പ്രകടിപ്പിച്ചു. പ്രതിപക്ഷവും ഭരണകക്ഷിയും ഒരുമിച്ച്, മണിപ്പൂരിലേക്ക് ഒരു സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന നിര്‍ദേശം അവര്‍ മുന്നോട്ടുവച്ചു. എല്ലാ സമുദായങ്ങളുമായി സംസാരിച്ചാല്‍ മാത്രമെ ജനങ്ങള്‍ക്കിടയിലെ അവിശ്വാസം പരിഹരിക്കാന്‍ സാധിക്കൂവെന്ന് ഗവര്‍ണര്‍ പറഞ്ഞു” – അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ‘ഇന്ത്യ’ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. ശനിയാഴ്ച ചുരാചന്ദ്പൂരിലേക്ക് ഹെലികോപ്ടറില്‍ എത്തിയ സംഘം, കുകി നേതാക്കളെയും ദുരിതാശ്വാസ ക്യാംപുകളിലെ കലാപബാധിതരെയും സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച ഇംഫാലിലെത്തി, ദുരിതാശ്വാശ ക്യാംപുകളിലെ മെയ്തേയ് സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്നരായി നടത്തിച്ച പെണ്‍കുട്ടിയേയും അവരുടെ അമ്മയേയും സന്ദര്‍ശിച്ചതായി തൃണമൂല്‍ എം.പി സുഷ്മിത ദേവ് പറഞ്ഞു. ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ തന്റെ ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹം കാണാന്‍ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതിപക്ഷ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയവും സംഘം ഗവര്‍ണറെ ധരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *