എച്ച് ആർ ഡി എഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ശിലാസ്ഥാപനം നടത്തി
ബീഹാർ: ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ബൃഹത് പദ്ധതിയുമായി ഡൽഹി ഹ്യൂമൺ റിസോഴ്സ് ഡവലെപ്മെന്റ് ഫൗണ്ടേഷൻ. കിഷൻഗഞ്ചിലെ സാബുടാൻഗിയിൽ തുടങ്ങുന്ന എച്ച് ആർ ഡി എഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് വൊക്കേഷണൽ ട്രെയിനിംഗിന്റെ ശിലാസ്ഥാപനം നടത്തി. വിശാലമായ ക്യാമ്പസിൽ സീനിയർ സെക്കൻഡറി സ്കൂൾ,
വോക്കേഷണൽ ട്രെയിനിങ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നിവയാണ് ഉണ്ടാവുക. പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങൾ മാത്രമുള്ള മേഖലയിൽ വലിയ മുന്നേറ്റം പദ്ധതി നടപ്പിലാകുന്നതോടെ സാധ്യമാവും. ബീഹാറിന് പുറമെ ബംഗാൾ,ആസാം സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ക്യാമ്പസ് സഹായകമാവും.നിലവിൽ താക്കൂർഗഞ്ചിൽ പ്രവർത്തിക്കുന്ന എച്ച് ആർ ഡി എഫ് പബ്ലിക് സ്കൂളിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. മൂല്യാധിഷ്ഠിതമായ രീതിയിൽ സി.ബി.എസ്. ഇ സിലബസ് പ്രകാരമുള്ള മികച്ച വിദ്യാഭ്യാസമാണ് ഇവിടെ കുട്ടികൾക്ക് നൽകുന്നത്. പുതിയ ക്യാമ്പസ് കൂടി യാഥാർത്ഥ്യമാകുന്നതോടെ നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടി എത്താനാവും.
പദ്ധതി സ്ഥലത്ത് നടന്ന ചടങ്ങിൽ എച്ച് ആർ ഡി എഫ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ ശിലാസ്ഥാപനം നടത്തി. ജന.സെക്രട്ടറി കെ.സിറാജുദ്ദീൻ,യു.ഹുസൈൻ മുഹമ്മദ്, മസൂദ് ആലം, എം.പി മുഹമ്മദലി, കെ.പി ഫിറോസ്, ഫൈസൽ കോട്ട, മുജീബ് റഹ്മാൻ,ആസാദ് സലഫി,ഹാഫിസ് അബ്ദുല്ല എന്നിവർ സന്നിഹിതരായി.