ജനങ്ങളുടെ വിശ്വാസം സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത്: മുഖ്യമന്ത്രി

ജനങ്ങളുടെ വിശ്വാസം സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത്: മുഖ്യമന്ത്രി

തലശ്ശേരി: ഏറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നപ്പോഴും സഹകരണ മേഖലയെ സംരക്ഷിച്ചു നിര്‍ത്തിയത് ജനങ്ങളാണെന്നും, ആ വിശ്വാസം തന്നെയാണ് സഹകരണ പ്രസ്ഥാനത്തെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കും, ഊരാളുങ്കല്‍ സൊസൈറ്റിയുമെല്ലാം ഇന്ന് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഒരു കാലത്തും മറക്കാനാവാത്ത സഹകാരിയാണ് ഇ.നാരായണനെന്നും, ജില്ലയിലും സംസ്ഥാനത്തും തലയുയര്‍ത്തി നില്‍ക്കുന്ന പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ക്ക് പിറകില്‍ ഇ. നാരായണനെ കാണാമെന്നും പിണറായി ഓര്‍മ്മിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചതലശ്ശേരി കോ.ഓപ്പറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയം കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വിഭാഗങ്ങള്‍ സ്പിക്കര്‍ എ.എന്‍ ഷംസീര്‍.കെ.പി.മോഹനന്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. 750 പേര്‍ക്ക് ഇരിക്കാവുന്നതും 450 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്നതുമായ എയര്‍ കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയവും, ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്. 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഇ. നാരായണന്‍ ബാങ്ക്വറ്റ് ഹാള്‍, അടുക്കള, 100 പേര്‍ക്ക് ഇരിക്കാവുന്നതും, ബോര്‍ഡ് മീറ്റിങ്ങുകള്‍ക്കും , ക്ലാസുകള്‍ക്കും , ജന്‍മദിന ആഘോഷങ്ങള്‍ക്കും , വിവാഹ നിശ്ചയങ്ങള്‍ക്കും അനുയോജ്യമായ മീറാക്കിള്‍ വെന്യുവും ഓഡിറ്റോറിയത്തിന്റെ പ്രത്യേകതയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച പ്രസിഡണ്ട് പി.ഹരീന്ദ്രന്‍ പറഞ്ഞു.

എം.വി.ജയരാജന്‍, പി. ജയരാജന്‍, നഗരസഭ അദ്ധ്യക്ഷ കെ.എം.ജമുന റാണി, കാരായി രാജന്‍, വാഴയില്‍ ശശി, ടി.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈ. പ്രസിഡന്റ് സി.വത്സന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ സി.എം.സന്തോഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേളയുമുണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *