കോഴിക്കോട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് കോഴിക്കോട് ജില്ലയുടെ ചുമതല നൽകി പാർട്ടി നേതൃത്വം. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയമിച്ചത്. നേതൃത്വവുമായി ഉടക്കി നിൽക്കുന്ന ശോഭയെ അനുനയിപ്പിക്കാനുള്ള ശ്രമമായാണ് പുതിയ ചുമതലയെന്നാണ് വിവരം.
ബിജെപി സംസ്ഥാന നേതൃത്വം തന്നെ അവഗണിക്കുന്നുവെന്നും ചുമതലകൾ നൽകുന്നില്ലെന്നും ശോഭ പരാതി ഉന്നയിച്ചിരുന്നു. പ്രകാശ് ജാവദേകർ അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭാ സുരേന്ദ്രനെ നിയമിച്ചത്. ഒരു മാസമായി കോഴിക്കോട് ബി ജെ പി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾ സജീവമാണ് ശോഭാ സുരേന്ദ്രൻ.
കോഴിക്കോട് ജില്ലയുടെ ചുമതലയിലേക്ക് ശോഭാ സുരേന്ദ്രൻ എത്തിയതോടെ നേരത്തെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെപി പ്രകാശ് ബാബുവിന് കോട്ടയത്തിന്റെ ചുമതലയും നൽകി. ടിപി ജയചന്ദ്രനെ വയനാട് ജില്ലയുടെ പ്രഭാരിയാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന് ഉത്തരമേഖലയുടെ ചുമതലയും നൽകിയിട്ടുണ്ട്.