അത്തോളി : മകന്റെ 18 ആം പിറന്നാള്‍ ആഘോഷിക്കാന്‍ പിതാവ് സ്വന്തം സ്ഥാപനം ഉള്‍പ്പെട്ട വാര്‍ഡിലെ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കരുതലായത് ശ്രദ്ധേയമായി. മലബാര്‍ മെഡിക്കല്‍ കോളേജിന് മുന്‍വശത്തെ ബ്ലു മെറിഡിയന്‍ ഹോട്ടലിന്റെ ഉടമ റഷീദ് കിഴക്കയിലാണ് മകന്‍ മുഹമ്മദ് റാഹിത്തിന്റെ 18 ആം ജന്മദിനം സമൂഹത്തില്‍ കരുത്താകേണ്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് സമ്മാനിച്ച് ആഘോഷിച്ചത്.
ബ്ലു മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ശ്രദ്ധ ആവശ്യമുള്ളവരെ ചേര്‍ത്ത് പിടിച്ചുള്ള ആഘോഷം മാതൃകയാണെന്ന് മെഹബൂബ് പറഞ്ഞു. ഉപ്പയെ സഹായിക്കാന്‍ ഉതകുന്ന രീതിയില്‍ ഉന്നത പഠനം നടത്തണമെന്ന ഉപദേശവും അദ്ദേഹം പങ്കുവെച്ചു. മലബാര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ മുഖ്യതിഥിയായി. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിക , എടച്ചേരി എസ്.ഐ റസല്‍, സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീധരന്‍ കൂമുള്ളി, സബീഷ് മൊടക്കല്ലൂര്‍, ഫ്രന്റ് ഓഫീസ് മാനേജര്‍ ആതിഥ്യ, കോര്‍ഡിനേറ്റര്‍ വേണു കൂമുള്ളി എന്നിവര്‍ സംസാരിച്ചു.
വര്‍ഷങ്ങളായി പ്രവാസിയായിരുന്നു റഷീദ് , മകന്‍ ചെറിയ പ്രായത്തില്‍ ഉപ്പയുടെ ബിസിനസില്‍ ഒപ്പമുണ്ട് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ റാഹിത്ത് ബി കോം പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഉമ്മ റസീനയും മറ്റ് കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.