കണ്ണൂർ ∙ സിൽവർ ലൈൻ പദ്ധതിയുമായി കേരളം തൽക്കാലം മുന്നോട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഇപ്പോൾ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രവും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്നു നടത്തുന്ന വികസന സെമിനാറിന്റെ ഓപ്പൺ ഫോറത്തിൽ പ്രസംഗിക്കുുകയായിരുന്നു അദ്ദേഹം.
കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണെന്നും പദ്ധതിയുമായി കേരളത്തിന് ഒറ്റയ്ക്കു മുന്നോട്ടു പോകാനാകില്ല. ഒരുകാലത്ത് പദ്ധതിക്ക് കേന്ദ്രം അനുമതി നൽകേണ്ടി വരും. വേഗമുള്ള റെയിൽ സഞ്ചാരം ജനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന്റെ വേഗയാത്രയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. എന്തിന് അതുപോലുള്ളൊരു പദ്ധതിയെ എതിർക്കാൻ പുറപ്പെട്ടു എന്നാണു ചിന്തിക്കേണ്ടത്. കണ്ണൂർ വിമാനത്താവളം ആഗ്രഹിച്ച വിജയം നേടാനാകാത്തതിനു പിന്നിൽ 2001ലെ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ കേന്ദ്ര സർക്കാരുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.