ദ്വിദിന സന്ദര്‍ശനത്തിനായി ‘ഇന്ത്യ’ ഇന്ന് മണിപ്പൂരില്‍; യഥാര്‍ഥ സാഹചര്യം ആഴത്തിലറിയുക എന്നതാണ് ലക്ഷ്യമെന്ന് നേതൃത്വം

ദ്വിദിന സന്ദര്‍ശനത്തിനായി ‘ഇന്ത്യ’ ഇന്ന് മണിപ്പൂരില്‍; യഥാര്‍ഥ സാഹചര്യം ആഴത്തിലറിയുക എന്നതാണ് ലക്ഷ്യമെന്ന് നേതൃത്വം

ന്യൂഡല്‍ഹി: കലാപത്തിന് ശേഷം തകര്‍ന്ന മണിപ്പൂരിന്റെ യഥാര്‍ഥ സാഹചര്യം ആഴത്തിലറിയുന്ന എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടി സഖ്യമായ ‘ ഇന്ത്യ’ പ്രതിനിധികള്‍ ഇന്ന് സംസ്ഥാനത്തെത്തും. രണ്ട് ദിവസം പ്രതിപക്ഷ സംഘം മണിപ്പൂരില്‍ തുടരും. സംസ്ഥാനത്തെ താഴ്‌വരകളിലും മലയോരമേഖലകളിലും സന്ദര്‍ശനം നടത്തും. അഭയാര്‍ഥി ക്യാംപുകളിലെ സാഹചര്യവും വിലയിരുത്തും. ശേഷം മണിപ്പൂര്‍ ഗവര്‍ണറേയും പ്രതിപക്ഷസംഘം കാണും. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസപ്രമേയ അവതരണത്തിന് മുന്നോടിയായാണ് സന്ദര്‍ശനം.
20 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇതില്‍ 20 എം.പിമാരും ഉള്‍പ്പെടും. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഉപനേതാവ് ഗൗരവ് ഗോഗോയ്, ജെഡിയുവില്‍ നിന്ന് ലാലന്‍ സിങ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സുസ്മിത ദേവ്, ഡി.എം.കെയില്‍ നിന്ന് കനിമൊഴി, സി.പി.ഐയുടെ പി. സന്തോഷ് കുമാര്‍, സി.പി.എമ്മിന്റെ എ.എ റഹീം, ആര്‍.ജെ.ഡിയുടെ മനോജ് ഝാ, സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് ജാവേദ് അലി ഖാന്‍, ജെ.എം.എമ്മിന്റെ മഹുവ മാജി, എന്‍.സി.പിയുടെ മുഹമ്മദ് ഫൈസല്‍, ഐ.യു.എം.എല്ലിന്റെ ഇ.ടി മുഹമ്മദ് ബഷീര്‍, ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രന്‍, എ.എ.പിയുടെ സുശീല്‍ ഗുപ്ത, ശിവസേനയില്‍ നിന്ന് അരവിന്ദ് സാവന്ത്, വി.സി.കെയില്‍ നിന്ന് രവികുമാര്‍ തിരുമാവളവന്‍, ആര്‍.എല്‍.ഡിയുടെ ജയന്ത് ചൗധരി എന്നിവരും സംഘത്തിലുണ്ട്.

മണിപ്പൂരില്‍ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. മെയ് നാലിന് നടന്ന കുകി സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ടബലാത്സംഗം ചെയ്ത വിഷയം പോലും ജൂലൈയിലാണ് പുറംലോകം അറിഞ്ഞത്. അതിനാല്‍തന്നെ സംസ്ഥാനം സന്ദര്‍ശിക്കുന്നതോടെ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ മനസിലാക്കാനാകുമെന്ന് സംഘം വിലയിരുത്തുന്നു. പ്രധാനമന്ത്രി അതേക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സന്ദര്‍ശനത്തിന് പ്രാധാന്യം കൂടുതലാണ്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷ അന്വേഷണമെന്ന ആവശ്യവും പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവയ്ക്കും.” എല്ലാം സമാധാനപരമാണ് എന്ന ചിത്രം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. അതിനാലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം തുറന്നുകാട്ടാന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷ അന്വേഷണമെന്ന ആവശ്യം ഞങ്ങള്‍ ഉയര്‍ത്തുന്നത്. നൂറിലേറെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞു. എങ്കില്‍ മാസങ്ങളായി സംസ്ഥാനത്തെ ഭരണകൂടം എന്ത് ചെയ്യുകയായിരുന്നു? ആ സത്യം മനസിലാക്കണം. പാര്‍ലമെന്റിന് മുന്നില്‍ അക്കാര്യങ്ങള്‍ അറിയിക്കണം എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം” – കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി ഉപനേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *