കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകളെ കൊലപ്പെടുത്തിയത് ലൈംഗികാതിക്രമത്തിനിരയാക്കിയ ശേഷം. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടിയുടെ ദേഹത്തും സ്വകാര്യഭാഗങ്ങളിലും അടക്കം നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ട്. തലയിൽ കല്ലുകൊണ്ട് ഇടിച്ച ക്ഷതം ഉണ്ട്. കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇതിനായി കുട്ടിയുടെ തന്നെ വസ്ത്രമാണ് ഉപയോഗിച്ചത്. കുട്ടി ലൈംഗികാതിക്രമത്തിനിരയായിട്ടുണ്ട്- തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ പോലീസിന് നൽകിയ പ്രാഥമിക റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് അഞ്ചുവയസുകാരിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപവാസിയായ ബിഹാർ സ്വദേശി അഷ്ഫാഖ് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ട്പോയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മദ്യലഹരിയിലായിരുന്ന ഇയാൾ പെൺകുട്ടിയെ പറ്റി വിവരങ്ങളൊന്നും നൽികിയില്ല.
പിന്നീട് ആലുവ മാർക്കറ്റിന് സമീപത്ത് വെച്ച് ഇവരെ കണ്ടതായി ഒരാൾ അറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ മൃതശരീരം കണ്ടെടുത്തത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. ഞായറാഴ്ച പൊതുദർശനത്തിന് ശേഷം സംസ്‌കരിക്കുമെന്നാണ് വിവരം.