തിരുവനന്തപുരം: മദ്യ വില്‍പനയിലുടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 35000 കോടി രൂപയാണ് മദ്യ വില്‍പനയിലെ വരുമാനമായി സര്‍ക്കാര്‍ ഖജനാവിലെത്തിയത്. 2021 മെയ് മുതല്‍ 2023 മെയ് വരെയുള്ള ഇക്കാലയളവില്‍ 41.68 കോടി ലിറ്റര്‍ വിദേശ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ രേഖയെ ഉദ്ധരിച്ച് ‘ദ ന്യൂ ഇന്ത്യന്‍ എക്പ്രസ്’ ആണ് കണക്കുകള്‍ പങ്കുവച്ചത്.
മദ്യത്തിന്റെ നികുതിയിനത്തില്‍ മാത്രം 24,539 കോടി രൂപയാണ് രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത്. ദിനേന 5.95 ലക്ഷം ലിറ്റര്‍ വിദേശ മദ്യം വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. കൂടാതെ 2.38 ലക്ഷം ലിറ്റര്‍ ബിയറും വൈനും ദിനേന സംസ്ഥാനത്ത് ചെലവാകുന്നുണ്ട്. ഡ്രൈ ഡേ ഒഴികെയുള്ള ദിവസങ്ങളിലേതാണ് കണക്കുകള്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) വഴിയാണ് കച്ചവടത്തിന്റെ സിംഹഭാഗവും നടന്നത്. 35000 കോടി രൂപയില്‍ 3050 കോടി രൂപ ഉണ്ടാക്കിയത് ബിയര്‍, വൈന്‍ വില്‍പനയിലൂടെയാണ്. ഇക്കാലയളവില്‍ 16.67 കോടി ലിറ്റര്‍ ബിയറും വൈനും സംസ്ഥാനത്ത് വിറ്റുപോയിട്ടുണ്ട്.
അതേസമയം, 2016 മുതല്‍ 2021 വരെ 99.22 കോടി ലിറ്റര്‍ മദ്യമാണ് കേരളത്തിലൂടെ ഒഴുകിയത്. കോവിഡ് മഹാമാരി ശക്തമായിരുന്ന 2019-20 കാലയളവില്‍ മാത്രമാണ് ബെവ്കോ നഷ്ടത്തിലായത്. 41.95 കോടിയുടെ നഷ്ടമാണ് അന്ന് ബെവ്കോയ്ക്കുണ്ടായത്. അതിനുമുന്‍പോ പിന്‍പോ ഒരു നഷ്ടക്കണക്ക് ബെവ്കോയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. വര്‍ധിച്ചുവരുന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ വരവ് വര്‍ധിപ്പിക്കാന്‍ പുതിയ മദ്യനയം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കള്ള് ഷാപ്പുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് സംസ്ഥാനത്തെ പുതിയ മദ്യനയം. വിദേശ മദ്യവും ബിയറും പരമാവധി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നീക്കങ്ങള്‍ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ നിലവിലെ ചട്ടങ്ങളില്‍ ക്രമീകരണം വരുത്താനും ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 35 ലക്ഷമാക്കി വര്‍ധിപ്പിക്കാനും തീരുമാനമായി.