മലപ്പുറം: കോട്ടക്കല്‍ പറപ്പൂരിലെ ഹൈന്ദവ സഹോദരിയുടെ മരണത്തിന് എത്തിയവര്‍ക്ക് താമസിക്കാന്‍ മദ്രസ വിട്ടുനല്‍കി വേറിട്ട മാതൃകയായി മദ്രസാ കമ്മിറ്റി ഭാരവാഹികള്‍. പറപ്പൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ മാട്ടനപ്പാടിലെ ചക്കിങ്ങല്‍തൊടി വേലായുധന്റെ ഭാര്യ വിജയലക്ഷ്മി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. വര്‍ഷങ്ങളായി അയല്‍വാസികളെ പോലെയാണ് മാട്ടനപ്പാട് തഅലീമു സുബിയാന്‍ മദ്രസയും ചക്കിങ്ങല്‍തൊടി വേലായുധന്റെ കുടുംബവും കഴിഞ്ഞിരുന്നത്. പെരുമ്പിലാവ് ആയുര്‍വേദ ആശുപത്രി ഫാര്‍മസിസ്റ്റായ മകന്‍ ജിയൂഷിനും മരുമകള്‍ നിഖിഷക്കുമൊപ്പം കടവല്ലൂരിലെ വീട്ടില്‍ വിരുന്നിനെത്തിയ വിജയലക്ഷ്മി ഇവിടെ വെച്ചാണ് മരിച്ചത്. തുടര്‍ന്ന്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. വേലായുധന്റെ ബന്ധുക്കളും മറ്റും ദൂരെദിക്കില്‍ ഉള്ളവരായിരുന്നതിനാല്‍ മരണാന്തര ചടങ്ങുകള്‍ ശനിയാഴ്ച തിരുവില്വാമല ഐവര്‍മഠത്തില്‍ നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, അതുവരെ എത്തുന്നവര്‍ക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യം വീട്ടില്‍ ഇല്ലായിരുന്നു. ഇതോടെ ഈ വിഷയം മനസിലാക്കിയ അബ്ദുള്‍ മജീദ് മുസ്‌ല്യാര്‍, മദ്രസ പ്രസിഡന്റ് അമ്പലവന്‍ അടുവണ്ണില്‍ കുഞ്ഞിപ്പ, സെക്രട്ടറി കറുമണ്ണില്‍ അബ്ദുഹാജി എന്നിവരുടെ അഭിപ്രായം അനുസരിച്ച് സ്ഥാപനത്തിന് അവധി നല്‍കി. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് സ്ഥാപനം വിട്ടുനല്‍കുകയായിരുന്നു. ഇതോടെ ശനിയാഴ്ച മദ്രസക്ക് പൂര്‍ണമായും അവധി നല്‍കി ഹൈന്ദവ സഹോദരിയുടെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന കുടുംബത്തിന് കൈത്താങ്ങായി മാറുകയായിരുന്നു.
വാക്കുകള്‍ക്കതീതമാണ് അധികൃതര്‍ കുടുംബത്തിന് ചെയ്ത് തന്നതെന്നൊണ് വേലായുധന്‍ പറഞ്ഞു. മദ്രസയുടെ പരിസരത്തെ വേലായുധന്റെ അടക്കം മൂന്ന് വീടുകളും ബന്ധുക്കളുടേതാണ്. അതുകൊണ്ടുതന്നെ ഈ വീടുകളിലും മദ്രസയിലും നബിദിനമായാലും മറ്റെന്ത് ആഘോഷമുണ്ടായാലും പരസ്പരം സഹകരിക്കുന്നതും കൊടുക്കല്‍ വാങ്ങലും പതിവാണ്. ഇത് പുതുമയുള്ളതല്ലെന്ന് ഇവര്‍ ആവര്‍ത്തിക്കുമ്പോഴാണ് സഹോദര്യപെരുമ എത്ര ഉയരത്തിലാണെന്ന് ഏവരും തിരിച്ചറിയുന്നത്. കോട്ടക്കലിലെ ടൈലറാണ് വേലായുധന്‍. മകള്‍: ജിംഷി, മരുമകന്‍: വിവേക് എന്നിവരാണ്.