മാഹി: തലശ്ശേരിയില്‍ നിന്ന് തുടങ്ങി കേരളത്തിലുടനീളം സംഘപരിവാറും, സി.പി.എമ്മും പരസ്പരം ഭീഷണി ഉയര്‍ത്തി വരുന്ന സാഹചര്യത്തില്‍, വെല്ലുവിളി നിറഞ്ഞ പ്രകോപന പ്രസംഗങ്ങള്‍ മാഹിയിലേക്കും പടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ബി.ജെ.പിയാണ് പി. ജയരാജനും, എ.എന്‍ ഷംസീറിനുമെതിരെ പള്ളൂരില്‍ കൊലവിളി പ്രകടനം നടത്തിയത്. ഇന്നലെ വൈകീട്ട് ഇതിന് മറുപടിയെന്നോണം ഡി.വൈ.എഫ്.ഐയും പളളൂര്‍ ടൗണില്‍ ഭീഷണിയും വെല്ലുവിളികളുമായി പ്രതിഷേധ പ്രകടനം നടത്തി. അര മണിക്കൂറിനുള്ളില്‍ ആര്.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതേ വഴിയില്‍ പളളൂര്‍ ടൗണില്‍ വെല്ലുവിളി മുദ്രാവാക്യങ്ങളുമായി രംഗത്ത് വന്നു. സമാധാനം നിലനില്‍ക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെടുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.