സംസ്ഥാനത്ത് മദ്യോപയോഗത്തിന് പിന്തുണയേകും വിധം മദ്യവില്പന വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ച സര്‍ക്കാറിന്റെ മദ്യനയം തിരുത്തണമെന്ന് എം.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയ 250 ല്‍ അധികം മദ്യവില്‍പ്പന ശാലകളാണ് പുതിയ മദ്യനയത്തിലൂടെ വീണ്ടും തുറക്കാന്‍ പോവുന്നത്. ഇത് സമൂഹത്തില്‍ മദ്യാസക്തി വര്‍ധിപ്പിക്കുകയും സാമൂഹികമായ പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും വര്ധിക്കുവാന് കാരണമാവുകയും ചെയ്യുമെന്നും എം.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
കോഴിക്കോട് വെച്ചു നടന്ന എം.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ.പി സകരിയ്യ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട സ്വാഗതം പറഞ്ഞു. ജസിന് നജീബ്, ഫഹീം പുളിക്കല്‍, സവാദ് പൂനൂര്, ഷഹീം പാറന്നൂര്‍, ഷഫീഖ് അസ്ഹരി, ലുഖ്മാന് പോത്തുകല്ല്, നജാദ് കൊടിയത്തൂര്‍, ഡാനിഷ് അരീക്കോട്, ബാദുഷ ഫൈസല്‍, നജീബ് തവനൂര്‍, സാജിദ് ഈരാറ്റുപേട്ട എന്നിവര്‍ സംബന്ധിച്ചു.