തലശ്ശേരി: ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ക്കും സന്ദേശങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ ഒരുക്കി ദൈവദശകം കൂട്ടായ്മ. ഗുരു കൃതികള്‍ ഭാരതീയ നൃത്തകലകളിലൂടെ ആവിഷ്‌കരിക്കുന്ന എന്റെ ഗുരു പദ്ധതിയുടെ ഭാഗമായി തലശേരി ജ്ഞാനോദയ യോഗത്തിന്റെ സഹകരണത്തോടെ ആയിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ഗുരുവിന്റെ കരസ്പര്‍ശത്താല്‍ 1908ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാനാ ജാതിമതസ്ഥര്‍ക്കുമായി സമര്‍പ്പിച്ച ജഗന്നാഥ ക്ഷേത്രാങ്കണം ഭരത നാട്യത്തിന്റെ ചാരുതയാര്‍ന്ന ചുവടുകളാല്‍ നിറഞ്ഞു.
നര്‍ത്തകര്‍ക്ക് ദൈവദശകംനൃത്താവിഷ്‌കാരത്തില്‍ പരിശീലനം നല്‍കി ക്ഷേത്ര മുറ്റത്ത് ആയിരത്തോളം നര്‍ത്തകികള്‍ ചേര്‍ന്ന് ദൈവദശകം നൃത്താവിഷ്‌ക്കാരം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്, ജ്ഞാനായ യോഗവും ദൈവദശകം കൂട്ടായ്മയും. കൊടുങ്ങല്ലൂര്‍ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണന്‍ ദൈവദശകം 100 ലോകഭാഷകളില്‍ മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുരുകൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിന് നേതൃത്വം നല്‍കിയ അധ്യാപകരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നര്‍ത്തകരും ക്യാംപില്‍ പങ്കെടുത്തു.
നര്‍ത്തകര്‍ ദൈവദശകം നൃത്താവിഷ്‌ക്കാരം അവതരിപ്പിച്ചു. നൃത്താവിഷ്‌ക്കാരം പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. തലശേരി ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ദൈവദശകം കൂട്ടായ്മ ചെയര്‍മാന്‍ ഗിരീഷ് ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭരതനാട്യം നര്‍ത്തകിയും കോറിയോഗ്രാഫറുമായ മഞ്ജു വി. നായര്‍ ഭരതനാട്യം ക്ലാസടുത്തു.
എന്റെ ഗുരു ചെയര്‍പഴ്‌സന്‍ കലാമണ്ഡലം സിന്ധുജ, എം.വി രാജീവന്‍ (ഡയറക്ടര്‍ ശ്രീജ്ഞാനോദയ യോഗം ) എം. കനകന്‍, ഗാനരഘു, സന്ധ്യ രാജന്‍, ഷിജിന അനൂപ്, എ.യു രജിത, ലിഷ രാഘവന്‍, ശാലിനി വിശ്വംഭരന്‍, പ്രിയം കലാമണ്ഡലം, ശ്രീരാഗം വാസുദേവന്‍, ബിന്ദു മാരാര്‍, ടി.വി ദിലീപ് എന്നിവര്‍ സംസാരിച്ചു.