തങ്ങളുടെ കുട്ടിക്ക് ശാരീരികവും മാനസികവുമായ വളര്‍ച്ച ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കേണ്ടത് ഒരു രക്ഷിതാവ് എന്ന നിലയില്‍ അത്യാവശ്യമാണ്. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതാണെന്ന് നാം അറിഞ്ഞിരിക്കേണം. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ആഹാരം കഴിച്ചെങ്കില്‍ മാത്രമേ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും സാധിക്കുകയുള്ളു. കുട്ടികളുടെ മാനസികമായ വികാസം വേഗത്തിലാക്കാനും അവരുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്ന, കുട്ടികളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇതാ.
ബെറീസ്
ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങള്‍ രുചികരമാണെന്ന് മാത്രമല്ല, ആന്റിഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും നിറഞ്ഞതാണ്. ഈ ആന്റിഓക്‌സിഡന്റുകള്‍, പ്രത്യേകിച്ച് ഫ്ലേവനോയിഡുകള്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കാന്‍ ബെറീസിന് സാധിക്കും.
മുട്ട
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കോളിന്‍ ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ്, ഇത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ നല്ലതാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളുടെ നല്ലൊരു ഉറവിടം കൂടിയാണ് മുട്ട.
ധാന്യങ്ങള്‍
ഓട്‌സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ ധാന്യങ്ങളും കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്, ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കുട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ദിവസം മുഴുവന്‍ സജ്ജരായി ഇരിക്കാനും സഹായിക്കുന്നു. കൂടാതെ, ധാന്യങ്ങളില്‍ വിറ്റാമിന്‍ ഇ പോലുള്ള അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
അണ്ടിപ്പരിപ്പ്
വാള്‍നട്ട്, ബദാം, ചിയ സീഡ്സ്, ഫ്ളാക്സ് സീഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള പരിപ്പ് വര്‍ഗം ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പുഷ്ടമാണ്. തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നതില്‍ ഈ പോഷകങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. വാള്‍നട്ടില്‍ ഉയര്‍ന്ന അളവില്‍ ഡിഎച്ച്എ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നു.
പച്ചക്കറികള്‍
ചീര, ഉലുവ, കയ്പ്പ, ബ്രോക്കോളി തുടങ്ങിയ പച്ച നിറത്തിലുള്ള പച്ചക്കറികളില്‍ വിറ്റാമിന്‍ കെ, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് പച്ചക്കറികള്‍ കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, സ്മൂത്തികള്‍, സൂപ്പ്, സലാഡുകള്‍ എന്നിങ്ങനെ ഈ പച്ചക്കറികള്‍ കഴിക്കാന്‍ അവരെ ശീലിപ്പിക്കാം.