‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈഎഫ്.ഐ ഓഗസ്റ്റ് 15 ന് സെക്കുലര്‍ സ്ട്രീറ്റ് സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി കോഴിക്കോട് പതിനേഴ് ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തും. സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ജൂലൈ 27 മുതല്‍ ആഗസ്ത് 2 വരെ ജില്ലാ കാല്‍നട ജാഥകള്‍ പര്യടനം നടത്തും.
ജില്ലാ സെക്രട്ടറി പി.സി ഷൈജു ക്യാപ്റ്റനായ ജാഥ ഒഞ്ചിയം ബ്ലോക്കിലെ മാങ്ങോട്ട് പാറയില്‍വെച്ച് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, പയ്യോളി, വടകര ബ്ലോക്കില്‍ പര്യടനം നടത്തി, വടകര ടൗണില്‍ ജാഥ സമാപിക്കും. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി മെമ്പര്‍ ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷെഫീഖ് വൈസ് ക്യാപ്പറ്റനും, ജില്ലാ സെക്രട്ടറിയേറ്റ് പി.വി അമൃത ജാഥാ മാനേജരുമാണ്.
ജില്ലാ പ്രസിഡന്റ് അഡ്വ: എല്‍.ജി ലിജീഷ് ക്യാപ്റ്റനായ ജാഥ ഫറൂഖ് ബ്ലോക്കിലെ നടുവട്ടത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ പങ്കാളിയായി. ഫറോഖ്, കോഴിക്കോട് സൗത്ത്, കോഴിക്കോട് ടൗണ്‍, കോഴിക്കോട് നോര്‍ത്ത്, കക്കോടി, കൊയിലാണ്ടി ബ്ലോക്കില്‍ പര്യടനം നടത്തി, ജാഥ ഊരള്ളൂരില്‍ സമാപിക്കും. സംസ്ഥാന കമ്മിറ്റി അംഗം കെ. അരുണ്‍ മാനേജരും ജില്ലാ കമ്മിറ്റി അംഗം എം.വി നീതു ജാഥാ മാനേജരുമാണ്.
മതനിരപേക്ഷതയെ തകര്‍ക്കുന്ന മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും നയങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിത്. ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ജനവിഭാഗം ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. രാജ്യത്ത് മതന്യൂനപക്ഷത്തെയും ദളിത് ജനവിഭാഗത്തെയും ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആര്‍.എസ്.എസ് വേട്ടയാടുകയാണ്. ഗോരക്ഷയുടെ പേരില്‍ നിരപരാധികളെ കൊല്ലുകയാണ്. ചരിത്ര പുസ്തകങ്ങള്‍ തിരുത്തിയെഴുതുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. ഫെഡറലിസത്തെ തകര്‍ക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായി മാറി. ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെ തെരഞ്ഞുപ്പിടിച്ച് വേട്ടയാടുന്നു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. സാധാരണക്കാരന് ദുരിതവും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭവുമാണ് മോദി സര്‍ക്കാരിന്റെ നയം. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയുടെ പഠനം തെളിയിക്കുന്നത് രാജ്യത്ത് തൊഴിലില്ലായ്മ വളരുകയാണെന്നാണ്.
7.14 ശതമാനത്തില്‍ നിന്ന് 7.45 ശതമാനമായി തൊഴിലില്ലായ്മ ഉയര്‍ന്നു. തൊഴില്‍ പങ്കാളിത്തം 42.9 ശതമാനത്തില്‍ നിന്ന് 39.8 ശതമാനമായി താഴ്ന്നു. പെരുകുന്ന തൊഴിലില്ലായ്മയ്ക്കും പടരുന്ന വര്‍ഗ്ഗീയതയ്ക്കുമെതിരെ യുവജനങ്ങള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മതരാഷ്ട്രത്തിലേക്കുള്ള ശിലാന്യാസം നടക്കുമ്പോള്‍ നമുക്ക് കണ്ടുനില്‍ക്കാനാവില്ല. മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിച്ചേ മതിയാവൂ. ഓഗസ്റ്റ് 15 ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റും അതിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാകാല്‍ നടജാഥകളും വിജയിപ്പിക്കണമെന്ന് എല്ലാ സംഘടനാ ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.