ദുബായ്: ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിയിൽ താൽകാലിക വിലക്കേർപ്പെടുത്തി യുഎഇയും. അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനര്‍ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ വിലക്ക് നിലവിൽ വന്നു.
പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.കയറ്റുമതിക്ക് പ്രത്യേക അനുമതി വേണ്ടവര്‍ സാമ്പത്തിക മന്ത്രാലയത്തിന് അപേക്ഷ നല്‍കണം.
രാജ്യത്ത് മഴ വൈകിയതുമൂലം ഖാരിഫ് കൃഷിയിറക്കല്‍ വൈകിയതും നേരത്തെ വിതച്ച സ്ഥലങ്ങളില്‍ പ്രളയം നാശംവരുത്തിയതും രാജ്യത്ത് ധാന്യവില വർധനവിന് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് വിലക്കയറ്റം നിയന്ത്രിക്കാൻ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. പിന്നാലെയാണ് യു.എ.ഇയും അരി കയറ്റുമതി നിരോധിച്ചത്.