കൊച്ചി: സംരക്ഷിക്കാന്‍ മക്കളുണ്ട് എന്നതുകൊണ്ട് സ്ത്രീക്ക് ജീവനാംശം നല്‍കുന്നതില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാന്‍ ആവില്ലെന്ന് ഹൈക്കോടതി. ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ജീവനാംശം നല്‍കാനുള്ള ഉത്തരവ് പാലിക്കാത്തതിനെതിരെ ഭാര്യയാണ് കുടുംബ കോടതിയെ സമീപിച്ചത്. പരാതിക്കാരിക്ക് വിദേശത്ത് ജോലിയുള്ള രണ്ട് മക്കളുണ്ടെന്നും അവര്‍ സംരക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 2017 ഫെബ്രുവരി 24 മുതല്‍ 2020 ഫെബ്രുവരി 24 വരെയുള്ള ജീവനാംശമായി 288000 രൂപ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതോടൊപ്പം തന്നെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭാവിയിലേക്കുള്ള ജീവനാംശവും നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ മക്കള്‍ സംരക്ഷിക്കുന്നുവെന്ന കാരണത്താല്‍ ജീവനാംശം നല്‍കണമെന്ന ബാധ്യതയില്‍ നിന്ന് ഭര്‍ത്താവിന് ഒഴിയാനാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്താക്കി. തുടര്‍ന്ന് വിഷയത്തിലിടപെടാനാവില്ലെന്ന് ചൂണ്ടികാട്ടി അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.
അവിവാഹിതയായ മകളും തന്നോടൊപ്പമുള്ളതിനാല്‍ ചെലവിന് നല്‍കണമെന്നുമുള്ള ഭാര്യയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇത് ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.