കോഴിക്കോട്: കേരളത്തില്‍ വ്യാജ ഓണ്‍ലൈന്‍ സെന്ററുകളായ ഇ-നെറ്റ്, ഇ-മിത്ര, ഇ-സേവാ തുടങ്ങിയ സെന്ററുകള്‍ കേന്ദ്ര – കേരള സര്‍ക്കാറുകളെ പരിഹസിക്കുന്ന രീതിയില്‍ പുതിയ ജന സേവന കേന്ദ്രങ്ങള്‍ തുടങ്ങുവാനുള്ള പരസ്യങ്ങള്‍ പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും നല്‍കി വലിയ രീതിയില്‍ പണം വാങ്ങിച്ചു സാധാരണക്കാരെ വഞ്ചിക്കുകയാണെന്ന് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ഫ്രാഞ്ചൈസി വെബ്‌സൈറ്റില്‍ ഓപ്പണ്‍ പോര്‍ട്ടലില്‍ കിട്ടുന്ന എല്ലാ ഓണ്‍ലൈന്‍ സര്‍വീസുകളും ഒരു പോര്‍ട്ടലില്‍ ആക്കി നല്‍കി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
എന്നാല്‍, ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പദ്ധതികളായ ഡിജിറ്റല്‍ സേവ – കോമണ്‍ സര്‍വീസ് സെന്റര്‍ (പൊതു സേവന കേന്ദ്രം), അക്ഷയകള്‍ എന്നിവ സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയെ നോക്കുകുത്തിയാക്കി വ്യാജന്‍മാര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇവരുടെ ഫ്രാഞ്ചൈസികള്‍ ഭാവിയില്‍ പൊതുസേവന കേന്ദ്രങ്ങള്‍ മാറുന്ന രീതിയും ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന CSC ഐഡികള്‍ കേരളത്തില്‍ നിരോധിക്കുകയും ഇവരെ പോലുള്ളവരെ നിയന്ത്രിക്കാനുള്ള നിയമ സംവിധാനം ഉടനെ കൊണ്ടുവരുകയും വേണം എന്ന് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.