ചാലക്കര പുരുഷു
മാഹി: കേവലം ഒന്‍പത് ചതുരശ്ര കി.മി മാത്രം വിസ്തീര്‍ണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ വരുന്ന ഇരുപത് വര്‍ഷത്തെ മുന്നില്‍ കണ്ടുള്ള മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കുന്നു. ഏഴ് തവണ ഇത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടാന്‍ യോഗം വിളിച്ചിരുന്നുവെങ്കിലും, ശക്തമായ ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികൃതര്‍ താത്ക്കാലികമായി പിന്‍വാങ്ങുകയായിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മുന്‍സിപ്പല്‍ പ്രദേശമാണിത്. ഇവിടെ കൃഷി, വ്യവസായം, വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളായി തിരിച്ചു കൊണ്ടുള്ളതാണ് മാസ്റ്റര്‍ പ്ലാന്‍. എന്നാല്‍ തീരെ ചെറിയ, ജനസാന്ദ്രതയേറിയ മാഹിയില്‍ ഇത്തരമൊരു തരം തിരിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ അശാസ്ത്രീയമാണെന്ന് മയ്യഴിയിലെ രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച് ശക്തമായ പ്രക്ഷോഭവും നടത്തിയിരുന്നു.
എന്നാല്‍ മയ്യഴിക്ക് ഒരു ഭൂവിനിയോഗരേഖ ഇല്ലാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്നും വികസനത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ല. വ്യവസായ സബ്‌സിഡികളടക്കം കിട്ടുന്നില്ല. ബഹുനില കെട്ടിടങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമുണ്ട്. റോഡ്, വിവിധ കോളേജുകള്‍, തലശ്ശേരി- മാഹി ബൈപാസ്സ് തുടങ്ങി ഒട്ടേറെ വികസനങ്ങള്‍ക്ക് വേണ്ടി ഇതിനകം ധാരാളം സ്ഥലം അക്വയര്‍ ചെയ്യപ്പെട്ടിരിക്കെ, ജനസാന്ദ്രതയേറിയ മാഹിയില്‍ പ്രത്യേകം സ്ഥലം വേര്‍തിരിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുക അസാധ്യമാണെന്നും, ഇനിയും ജനങ്ങളെ കുടിയൊഴിപ്പിച്ചുള്ള യാതൊരു പദ്ധതിയും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം മയ്യഴിക്കാരും.