കോഴിക്കോട്: സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഉല്‍പാദിപ്പിച്ച് കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയം മനുഷ്യത്വ വിരുദ്ധവും അതിക്രൂരവുമായതിനാല്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. മനുഷ്യന്റെ ജീവനും സ്വത്തിനും സൈ്വൗര്യ ജീവിതത്തിന്നും ഭീഷണിയായിത്തീര്‍ന്നിട്ടുള്ള മദ്യം നിരോധിക്കേണ്ട സര്‍ക്കാര്‍ മദ്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്.
പൂട്ടിക്കിടക്കുന്ന മദ്യഷാപ്പുകള്‍ തുറക്കുന്നു, ദൂരപരിധി കുറച്ച് ആരാധനാലയങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും അടുത്ത് ഷോപ്പുകള്‍ തുറക്കുന്നു. പുതിയ ഷോപ്പുകള്‍ തുടങ്ങാനായി നിയമത്തില്‍ ഇളവ് വരുത്തുന്നു. ഇതെല്ലാം ചെയ്യുന്നത് ഘട്ടം ഘട്ടമായി മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ആവര്‍ത്തിച്ച് പറഞ്ഞ ഇടത് പക്ഷമാണെന്നത് സര്‍ക്കാര്‍ മറക്കരുത്. ജനാധിപത്യമെന്നത് ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഭരണ സംവിധാനമാണ്.
നമ്മുടെ സംസ്ഥാനത്തിലെ മഹാഭൂരിപക്ഷവും മദ്യത്തിന്നെതിരാണ്. സത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ മദ്യപാനത്തിന്റെ പേരില്‍ കഷ്ടപ്പെടുകയാണ്. ശക്തി കൂടിയ ലഹരി പദാര്‍ത്ഥങ്ങളുപയോഗിക്കുന്നവര്‍ മദ്യമുപയോഗിച്ച് തുടങ്ങിയവരാണ്. അതിനാല്‍ തന്നെ പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം കക്ഷിഭേദമന്യേ സമൂഹത്തിന്റെ എതിര്‍പ്പുകളുണ്ടാവുമെന്നും മദ്യനിരോധന സമിതി രക്ഷാധികാരി കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.