കോഴിക്കോട്: കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസില്‍ വച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിലായി. ജൂലായ് 23ന് രാവിലെ ആറ് മണിക്ക് തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വച്ചാണ് ഒന്നര ലക്ഷം രൂപ വില വരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്. പ്രതി നിലമ്പൂര്‍ കല്ലേമ്പാടം സ്വദേശി ഷബീറിനെ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വച്ച് ആര്.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്ക്വാഡ്, ആര്.പി.എഫ്. കണ്ണൂര്‍, ജി.ആര്.പി. കണ്ണൂര്‍ എന്നിവര്‍ സംയുക്തമായി പിടികൂടിയത്. ഇതിന് മുമ്പും സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജൂലായ് അഞ്ചിനാണ് ജയിലില്‍ നിന്നിറങ്ങിയത്.