തലശേരി: നഗരത്തിലെ തിരുമല്‍, ഉഴിച്ചില്‍ കേന്ദ്രത്തിലെ തെറാപ്പിസ്റ്റായ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. നടത്തിപ്പുകാരനും, തിരുമ്മലിനായി സ്ഥാപനത്തില്‍ എത്തിയ യുവാവും അറസ്റ്റില്‍. തലശ്ശേരി ലോഗന്‍സ് റോഡില്‍ ഡാലിയ ആര്‍ക്കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസ്സാജ് കേന്ദ്രത്തില്‍ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനി നാല്‍പ്പത്കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്ഥാപനത്തിലെ മാനേജര്‍ കോട്ടയം നെടുംകണ്ടം സ്വദേശി അനന്തു (26), അവിടെ മസ്സാജിനെത്തിയ പാറാല്‍ ചെമ്പ്രയിലെ ദേവി കൃപയില്‍ റജിലേഷ്(29) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ വെച്ചാണ് പരാതിക്കാധാരമായ സംഭവം. ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതി താമസിക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. പരാതിക്കാരി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചതും. തടഞ്ഞ് വെക്കല്‍, പീഡന ശ്രമം, തുടങ്ങി അഞ്ചോളം വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ഐ.പി.സി 51, I376, 354 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സ്ഥാപന ഉടമകള്‍ ഒളിവാണ്. കണ്ണൂര്‍, നെടുംങ്കണ്ടം സ്വദേശികളായ രണ്ട് പേര്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണിത്. നഗരസഭ ലൈസന്‍സും നല്‍കിയിട്ടുണ്ട്. ഇത്തരം ചില മസ്സാജ് കേന്ദ്രങ്ങളില്‍ അനാശ്യാസം നടന്നു വരുന്നതായും പരാതികള്‍ ഉണ്ടായിരുന്നു. സ്ഥാപനത്തിലെ ചില ജീവനക്കാരികളുടെ ഒത്താശ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. അന്യ സംസ്ഥാനത്തുള്ള സ്ത്രീകളാണ് ഇത്തരം തിരുമല്‍ കേന്ദ്രങ്ങളിലെ ജീവനക്കാര്‍. പരാതിക്കാധാരമായ സ്ഥാപനത്തിലെ ജീവനക്കാരികളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.