ചെന്നൈ: മനുഷ്യ ബഹിരാകാശയാത്ര സാധ്യമാക്കുന്നതിനായുള്ള ഗഗന്‍യാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഗഗന്‍ യാന്‍ സര്‍വീസ് മോഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ (എസ്എംപിഎസ്) ഹോട്ട് ടെസ്റ്റുകളാണ് ബുധനാഴ്ച തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍ വെച്ച് നടത്തിയത്.
സര്‍വീസ് മോഡ്യൂളിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഹോട്ട് ടെസ്റ്റുകളാണ് ഇപ്പോള്‍ നടത്തിയത്. ആദ്യത്തെ ഹോട്ട് ടെസ്റ്റ് 2023 ജൂലായ് 19 നാണ് നടത്തിയത്. ഇനി മൂന്ന് ഹോട്ട് ടെസ്റ്റുകള്‍ കൂടി നടക്കാനുണ്ട്.
എല്‍എഎം എഞ്ചിനുകളും റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ത്രസ്റ്ററുകളും പ്രതീക്ഷിച്ച പോലെ തന്നെ പ്രവര്‍ത്തിച്ചുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
മനുഷ്യനെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരത്തുള്ള ഭ്രമണ പഥത്തിലെത്തിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. മൂന്ന് ദിവസത്തെ ദൗത്യത്തില്‍ മൂന്ന് യാത്രികരെയാണ് ഐഎസ്ആര്‍ഒ അയക്കുക. ഇത് യാഥാര്‍ത്ഥ്യമാവുന്നതിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.