കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു വേണ്ടി 14.50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മലബാര്‍ ഡെവലപ്മെന്റ് ഫോറം ജനറല്‍ കണ്‍വെന്‍ഷ ന്‍ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പ്രദേശത്തെ ചില സമര സംഘടനകള്‍ കരിപ്പൂരിനെ തകര്‍ക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്നു. എത്ര കോടി രൂപ കിട്ടിയാലും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് ചില പത്യേക ലോബികള്‍ക്ക് വേണ്ടി നടത്തുന്ന ദാസ വേലയാണ്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് ജനറല്‍ കണ്‍വെന്‍ഷന്‍ ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളം മലബാര്‍ പ്രദേശത്തിന്റെ വികസന കവാടമാണ്. അതിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ കരിപ്പൂര്‍ വിരുദ്ധ ലോബിയുടെ അച്ചാരം പറ്റുന്നവരാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. കരിപ്പൂര്‍ വിരുദ്ധ ഭൂസമരം നടത്തുന്നത് പ്രദേശത്തെ ലീഗ്-കോണ്‍ഗ്രസ്സ് കൂട്ടുകെട്ടാണ്, സമരസമിതി നേതാക്കന്മാരുടെ സാമ്പത്തിക സ്രോതസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം. കരിപ്പൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം, ഭൂമി ഏറ്റെടുക്കലുമായുള്ള നടപടിക്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന മന്ത്രി വി. അബ്ദുറഹ്‌മാനെ ജനറല്‍ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു.
ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ശക്തമായ പിന്തുണ നല്‍കണം. ഇരകളെ മികച്ച സൗകര്യങ്ങളോടെ പുനരധിപ്പിക്കാന്‍ പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ട് വരണം. വ്യവസായ പ്രമുഖന്‍ എ.കെ.നിഷാദ് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഷവലിയാര്‍ സി.ഇ. ചാക്കുണ്ണി മുഖ്യപ്രഭാഷണം നടത്തി. എം.ഡി.എഫ് പ്രസിഡണ്ട് കെ.എം.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖൈസ് അഹമദ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡണ്ട് ജോയ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. കാരാടന്‍ സുലൈമാന്‍, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് രാജേഷ് ജോണ്‍, മുഹമ്മദ് ബഷീര്‍ മുസ്ലിയാര്‍ അകത്ത്, അഡ്വക്കറ്റ് : സുരേഷ് ബാബു, അഡ്വക്കറ്റ് : മുഹമ്മദ് ഷാജിദ്, സി.എന്‍. അബ്ദുല്‍ മജീദ്, കെ.വി. ഇസ്ഹാഖ്, കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ ശിഹാബ് കോട്ട, ആസിഫ് ഫറൂഖ്, പി.ടി. ആസാദ്, അഡ്വക്കറ്റ് അയ്യപ്പന്‍, ശബീര്‍ ചെറുവാടി, പി.പി. ഉമ്മര്‍ ഫാറൂഖ് മുതലായവര്‍ പ്രസംഗിച്ചു.