വൃക്ക, കരള്‍ എന്നീ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ക്കാണ് കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളില്‍ തൊഴിലവസരങ്ങളും ആസ്റ്റര്‍ ഫാര്‍മസി, ആസ്റ്റര്‍ ലാബ്‌സ് എന്നിവയുടെ ഫ്രാഞ്ചൈസികള്‍ക്കുള്ള അവസരങ്ങളും ഒരുക്കുന്നത്
കോഴിക്കോട്: അവയവ മാറ്റ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ക്ക് ജീവിതോപാധിയുമായി സംസ്ഥാനത്തെ ആസ്റ്റര്‍ ആശുപത്രികള്‍. വൃക്ക, കരള്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും അതുവഴി ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു.
കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ആശുപത്രികളിലുമാണ് തൊഴിലവസരങ്ങള്‍ ഒരുക്കുക. ഇതിന് പുറമേ ആസ്റ്റര്‍ റീട്ടയില്‍ സംരംഭങ്ങളായ ആസ്റ്റര്‍ ഫാര്‍മസി, ആസ്റ്റര്‍ ലാബ് എന്നിവയുടെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കും. ഒഴിവു വരുന്ന തസ്തികകളിലും ഫ്രാഞ്ചൈസി അവസരങ്ങളിലും ഇവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.
ആസ്റ്ററില്‍ നിന്ന് ചികിത്സ നേടിയവര്‍ക്ക് മാത്രമല്ല ഇത് വഴി ജോലി ലഭിക്കുന്നത് എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, ആരോഗ്യാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഏറ്റവും അനുയോജ്യമായ തസ്തികയില്‍ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയില്‍ തന്നെ വിപ്ലവകരമായി മാറാനൊരുങ്ങുന്ന പദ്ധതി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രോഗ നിര്‍ണയത്തിനും ചികിത്സക്കും ശേഷം പുനരധിവാസം ഒരുക്കാന്‍ കൂടി പ്രതിബദ്ധരാണ് ആസ്റ്റര്‍ ഗ്രൂപ്പ് എന്നതിന്റെ ഉദാഹരണമാണിതെന്നും ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.
ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ജോലികളില്‍ കഴിവും പ്രാപ്തിയും തെളിയിക്കാനും അതുവഴി ജീവിത വിജയത്തിലേക്ക് എത്താനും കഴിയട്ടെ എന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വൃക്കരോഗ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സജിത്ത് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ കേരള ക്ലസ്റ്റര്‍ എച്ച്.ആര്‍ ജി.എം ബ്രിജു മോഹന്‍, കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്‍മാടത്ത്, ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് ഡോ. നൗഫല്‍ ബഷീര്‍ എം.സി.സി തുടങ്ങിയവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മിത്വാ പദ്ധതിയുടെ സഹായം ആവശ്യമുള്ളവര്‍ക്ക് 7025767676, 7025888871 എന്നീ വാട്ട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.