സംഘടനയുടെ ഭരണഘടന ലംഘിച്ചുവെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു

സംഘടനയുടെ ഭരണഘടന ലംഘിച്ചുവെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തിരഞ്ഞെടുപ്പുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി സ്‌റ്റേ ചെയ്തത്. യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ചല്ല തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നാരോപിച്ച് കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഷഹബാസ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

എല്ലാതവണയും വോട്ടര്‍ പട്ടിക തയ്യാറാക്കിയാണ് വോട്ടെടുപ്പ് നടക്കാറുള്ളത്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ‘വിത്ത് ഐവൈസി’ എന്നൊരു ആപ്പ് വഴിയാണ് വോട്ടെടുപ്പ് നടക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 50 രൂപ നല്‍കി അംഗത്വമെടുത്തതിന് ശേഷം വോട്ടു ചെയ്യാനുള്ള സൗകര്യം ലഭ്യമാവും.

ജൂണ്‍ 28 നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഞായറാഴ്ച വീണ്ടും ആരംഭിക്കാനിരിക്കുകയാണ്. ഓഗസ്റ്റ് 11 ന് അവസാനിക്കും വിധമാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരുന്നത്.

ഇതുവരെ അഞ്ചര ലക്ഷത്തോളം പേര്‍ അംഗത്വമെടുത്ത് വോട്ട് ചെയ്തതായാണ് വിവരം. വോട്ടെടുപ്പ് അവസാനത്തോടടുക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ്. ഓഗസ്റ്റ് അഞ്ചിന് ഈ കേസ് വീണ്ടും പരിഗണിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *