പാലക്കാട്: വടക്കാഞ്ചേരിയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മഞ്ഞപ്ര സ്വദേശിനി കാർത്തികയെ (30) ആണ് ഭർത്താവ് പ്രമോദ് (36) കൊലപ്പെടുത്താന് ശ്രമിച്ചത്.
ബുധനാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഭാര്യയ്ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പ്രമോദിന്റെ പദ്ധതി. പാലക്കാട് ബേക്കറിയിൽ ജോലി ചെയ്യുന്ന കാർത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാൻഡിൽ ബസ് കയറാൻ എത്തിയപ്പോളാണ് പ്രമോദ് പെട്രോൾ കുപ്പിയുമായെത്തിയത്.
കാർത്തികയെ പിടിച്ചുനിർത്തിയ പ്രമോദ് പെട്രോൾ ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തി. ഇരുവർക്കും പൊള്ളലേറ്റുവെങ്കിലും കുതറിമാറിയതിനാൽ കാർത്തികയുടെ പൊള്ളൽ ഗുരുതരമല്ല.
മൂന്നു വർഷമായി പ്രമോദും കാർത്തികയും അകന്നു താമസിക്കുകയാണ്. ഒരു വർഷം മുൻപു പ്രമോദ് കാർത്തികയെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. 60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണ്.