തിരുവനന്തപുരം: സമൂഹത്തിന് മാതൃക തീര്‍ക്കുന്ന മൃഗക്ഷേമപ്രവര്‍ത്തനങ്ങളാകണം മൃഗസ്‌നേഹികള്‍ അനുവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തെരുവ്‌നായ്ക്കളുടെ നിയന്ത്രണത്തിനായി പെറ്റ്‌ഷോപ്പ് റൂള്‍സ് കര്‍ശനമായി നടപ്പിലാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. തെരുവ്‌നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവരോട് പോലീസും പൊതുജനങ്ങളും പാലിക്കേണ്ട പെരുമാറ്റരീതികളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കും. കേന്ദ്ര, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡംഗങ്ങളുടെയും മൃഗക്ഷേമ സംഘടനകളുടെയും സംയുക്തയോഗം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തെരുവ്‌നായ്ക്കളുടെ വന്ധ്യംകരണത്തിനും വാക്‌സിനേഷനുമായി ത്രിതലപഞ്ചായത്തുകള്‍ നീക്കിവെക്കുന്ന തുക വിനിയോഗിക്കല്‍ സമയബന്ധിതമായി നടപ്പിലാക്കിയാലേ പദ്ധതി ലക്ഷ്യം കൈവരിക്കാനാകൂ. നിലവില്‍ സംസ്ഥാനത്ത് 22 വന്ധ്യംകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പത് എബിസി കേന്ദ്രങ്ങളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 50 സെന്റിലും ഒരേക്കറിലും സ്ഥിതി ചെയ്യുന്ന മൃഗാശുപത്രികളോട് ചേര്‍ന്ന് പതിനാല് എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൃഗക്ഷേമപ്രവര്‍ത്തകര്‍ നടത്തുന്ന ഷെല്‍ട്ടറുകളില്‍ മിക്കതും സമയത്തിന് ദത്തെടുക്കല്‍ പോലുള്ള കാര്യങ്ങള്‍ വൈകുന്നതും വൃത്തിഹീനമായ രീതിയില്‍ പാര്‍പ്പിക്കുന്നതുമായ പരാതികള്‍ പരിശോധിക്കും. തെരുവ്‌നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരേ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചാല്‍ അവിടങ്ങളിലെ ആക്രമണസാധ്യത ഇരട്ടിയായിരിക്കും. അതുകൊണ്ട് അത്തരം സാധ്യതകള്‍ കൂടി പരിശോധിച്ച ശേഷമേ ഫീഡിംഗ് പോയിന്റ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും മന്ത്രി മൃഗക്ഷേമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
സ്‌കൂളുകകളില്‍ അനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബുകള്‍ രൂപീകരിച്ച് നായ്ക്കളില്‍ നിന്നും ഓടിയൊളിക്കുന്നതിന് പകരം ശാസ്ത്രീയമായി നേരിടാനുള്ള പ്രായോഗിക ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
തെരുവ്‌നായ്ക്കളുടെ ഭക്ഷണം, മരുന്ന്, ഷെല്‍ട്ടറുകളിലെ വെള്ളക്കരം തുടങ്ങിയവയ്ക്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചുതരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. കേന്ദ്ര, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡംഗങ്ങള്‍, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മുപ്പതോളം വിവിധ മൃഗക്ഷേമ സംഘടനകളിലെ അംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്, ഡയറക്ടര്‍ ഡോ. എ കൗശിഗന്‍ ഐ. എ. എസ് , അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ സിന്ധു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.