കൊച്ചി: മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയും പ്രസിഡണ്ടും മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് മൗനം വെടിയൂ- മുന്നേറൂ (Break the Silence Move Ahead) എന്ന മുദ്രാവാക്യവുമായി കെ.എല്‍.സി.എ ജൂലൈ 29 രാവിലെ 10ന് ന്യൂഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തും.
ന്യൂനപക്ഷ അവകാശ സംരക്ഷണം ഭരണഘടനാപരമായ മൗലികാവകാശമാണെന്നിരിക്കെ മണിപ്പൂരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. സ്ത്രീകള്‍ക്കെതിരേയും ക്രിസ്ത്യാനികള്‍ക്കെതിരേയും അഴിഞ്ഞാടുന്ന അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആക്രമണത്തിന് ഇരയായവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം എന്നതുമാണ് മുഖ്യമായ ആവശ്യം.
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തള്ളിപ്പറയാനും അത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും കേന്ദ്ര ഭരണകൂടം തയ്യാറാകണം. അതോടൊപ്പം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള (MANF) മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് മുതലായവ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ഏകീകൃത സിവില്‍ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കുന്നതിന് പകരം അഭിപ്രായ സമന്വയമാണ് ഉണ്ടാകേണ്ടത് എന്നും ആവശ്യങ്ങള്‍ ഉന്നയിക്കുന്നു.
തീരം തീരവാസികളില്‍ നിന്ന് അന്യമാകുന്ന നടപടികള്‍ ഉണ്ടാവരുത്. ശാശ്വതമായ തീരസംരക്ഷണ നടപടികള്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കടല്‍ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിര്‍മ്മിച്ച് അവ പരിപാലിക്കുന്നതിനുള്ള സ്ഥിരം നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാവണം എന്നതു ള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്. കേരളത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ രൂപതകളിലും യൂണിറ്റുകളിലും നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ സമരം നടത്തുന്നത്.