- ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടി
- ഡ്രൈ ഡേ തുടരും
തിരുവന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. കള്ള് ഷാപ്പുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ മദ്യനയം. കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്‍കും. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും. വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പടെ ആകര്‍ഷിക്കുന്ന തരത്തില്‍ കള്ളുഷാപ്പുകള്‍ പരിഷ്‌കരിച്ച് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റാനും പദ്ധതിയുണ്ട്. കള്ളുചെത്തി ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് കൊണ്ടുപോകുന്നതിന് ട്രാക്ക് ആന്‍ഡ് ട്രേസ് സംവിധാനം നടപ്പിലാക്കുമെന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
സംസ്ഥാനത്ത് മദ്യ ഉല്‍പ്പാദനം കൂട്ടാനും വിദേശ മദ്യവും ബിയറും പരമാവധി കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചു. നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. 5 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. സീമെന്‍, മറൈന്‍ ഓഫീസേഴ്‌സ് എന്നിവര്‍ക്ക് വേണ്ടിയുള്ള ക്ലബ്ബുകളില്‍ മദ്യം വിളമ്പുന്നതിന് വേണ്ടിയുള്ള ലൈസന്‍സ് ഫീസ് അന്‍പതിനായിരത്തില്‍നിന്ന് രണ്ടുലക്ഷമായി ഉയര്‍ത്തും. ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിക്കുന്ന നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കും.
ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉല്‍പ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാര്‍ശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. വിമുക്തി, കള്ളുചെത്ത് മേഖല, വിദേശ മദ്യം എന്നിങ്ങനെ പ്രധാനമായും മൂന്ന് മേഖലകളാണ് നയത്തിലുള്ളത്. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും വൈകാന്‍ കാരണം.
സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല. നേരത്തെ അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.