ദേശീയ ഗുസ്തി ഫെഡറേഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ബ്രിജ് ഭൂഷണിനെയും മകനെയും ഒഴിവാക്കി

ദേശീയ ഗുസ്തി ഫെഡറേഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ബ്രിജ് ഭൂഷണിനെയും മകനെയും ഒഴിവാക്കി

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പിന് ബ്രിജ് ഭൂഷണോ മകനോ ഉണ്ടാകില്ല. ആഗസ്റ്റ് 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ ( ഇലക്ടറല്‍ കോളേജ്)നിന്നാണ് മൂന്ന് തവണ ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെയും മകന്‍ കരണിനെയും ഒഴിവാക്കിയത്. ഗുസ്തി ഫെഡറേഷന്‍ ചട്ടമനുസരിച്ച് ഇലക്ട്റല്‍ കോളേജില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താനോ നിര്‍വാഹക കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യാനോ കഴിയില്ല.
ലൈംഗികാരോപണക്കേസില്‍ ബ്രിജ് ഭൂഷണിനെതിരേ സമരം നടത്തിയ ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ബ്രിജ് ഭൂഷണിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഫെഡറേഷന്‍ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ടാക്കൂറുമായി നടത്തിയ ചര്‍ച്ചയിലും താരങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ബ്രിജ് ഭൂഷണ്‍, പകരക്കാരനായി മകന്‍ കരണ്‍ ഭൂഷണിനെ ഫെഡറേഷനില്‍ എത്തിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അന്തിമ പട്ടികയായ ഇലക്ടറല്‍ കോളേജില്‍ നിന്ന് കരണും പുറത്തായതോടെ ഊഹാപോഹങ്ങള്‍ക്കും വിരാമമായി.
ബ്രിജ് ഭൂഷണ്‍ പ്രസിഡന്റായ ഉത്തര്‍പ്രദേശ് ഗുസ്തി അസോസിയേഷനെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പ്രേംകുമാര്‍ മിശ്രയാകും പ്രതിനിധീകരിക്കുക. ഗുജറാത്ത് ഘടകത്തെ പ്രതിനിധീകരിക്കുന്നത് റെയില്‍വേ സ്പോര്‍ട്സ് പ്രൊമോഷന്‍ ബോര്‍ഡ് സെക്രട്ടറി പ്രേംചന്ദ് ലോചബാണ്. പ്രതിഷേധിച്ച ഗുസ്തി താരങ്ങളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനെന്ന നിലയില്‍ പ്രധാന പങ്കുവഹിച്ചത് ലോചബായിരുന്നു.

ആദ്യം ജൂലൈ 11നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അസം ഗുസ്തി ഫെഡറേഷനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഗൗഹട്ടി കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. അന്ന് യു.പി ഫെഡറേഷന്‍ സമര്‍പ്പിച്ച പട്ടികയില്‍ ബ്രിജ് ഭൂഷണെ ഉള്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ജൂലൈ 18ന് സുപ്രീംകോടതി നീക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് സജീവമായത്.

ഓരോ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടു പേരെ വീതമാണ് ഇലക്ട്റല്‍ കോളേജിലേക്ക് നോമിനേറ്റ് ചെയ്യുക. അത്തരത്തില്‍ 25 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംഗങ്ങളുണ്ട്. പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ച് നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നീ പോസ്റ്റുകളിലേക്കുള്ള അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക. ജൂലൈ 28 മുതല്‍ 31 വരെയാണ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ആഗസ്റ്റ് രണ്ടിന് നടക്കും. ആഗസ്റ്റ് എട്ടിനാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ജനറല്‍ ബോഡിയിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 12 ന് നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *