ന്യൂഡല്‍ഹി: ഗ്യാന്‍ വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ അലഹബാദ് ഹൈക്കോടതി തടഞ്ഞു. ഗ്യാന്‍ വാപി മസ്ജിദ് ഭരണ സമിതിയുടെ അപ്പീലിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നാളെ വരെ സര്‍വ്വേ പാടില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
സര്‍വ്വേ തടഞ്ഞുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ് ബുധനാഴ്ച വരെ തുടരാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കാണ്‍പൂര്‍ ഐഐടിയുടെ നേതൃത്വത്തിലാണ് റഡാര്‍ ഇമേജിംഗ് സര്‍വ്വേയും ഭൂമി പര്യവേക്ഷണവും നടത്തുന്നതെന്നായിരുന്നു എഎസ്ഐയുടെ വിശദീകരണം. പത്ത് മീറ്റര്‍ വരെ ആഴത്തിലുള്ളതാണ് ഭൂമി കുഴിച്ചുള്ള പരിശോധന. മണ്ണിനെ അപേക്ഷിച്ച് സര്‍വേ രീതി വ്യത്യാസപ്പെടാമെന്നും എഎസ്ഐ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
മസ്ജിദിന് കേടുപാടുകള്‍ വരാതെ ആഴത്തിലുള്ള പര്യവേക്ഷണം നടത്താന്‍ എന്ത് മുന്‍പരിചയമാണുള്ളത് എന്നും പര്യവേക്ഷണം അനിവാര്യമാണോ എന്നും കോടതി ചോദിച്ചു.
സര്‍വ്വേ നടത്താന്‍ ഐഎസ്‌ഐ തിടുക്കം കാണിക്കുന്നതിലും ഭരണ സമിതി സംശയം പ്രകടിപ്പിച്ചു. മസ്ജിദ് ഭരണ സമിതിയുടെ അപ്പീലില്‍ ബുധനാഴ്ച വൈകീട്ട് 3.30 ന് ഹൈക്കോടതി വാദം കേള്‍ക്കും.