കോഴിക്കോട്: ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം ഖുര്‍ആനും മാനവികതയ്ക്കും നീതിക്കും നിരക്കാത്തതാണെന്നും അതിനാല്‍ സമഗ്രമായ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീതിക്കും മാനവികതയ്ക്കും നിരക്കാത്ത യാതൊന്നും ഖുര്‍ആനില്‍ ഇല്ല. എന്നാല്‍, നിലവിലെ ഖുര്‍ആന്‍ പരിഭാഷകളിലും വ്യാഖ്യാനങ്ങളിലും യഥേഷ്ടം ഇത്തരം ദുര്‍വ്യാഖ്യാനങ്ങളുണ്ട്. ബഹുമത സമൂഹത്തില്‍ പറയാനാകാത്ത പലതും ഇത്തരം വ്യാഖ്യാന സംഹിതകളിലുണ്ട്. ആശയപരമായി ശരിയായി വ്യാഖ്യാനിക്കാത്ത കാലത്തോളം ആധുനിക സമൂഹത്തില്‍ ഒട്ടേറെ തെറ്റിദ്ധാരണയ്ക്കും സംഘര്‍ഷങ്ങള്‍ക്കും നിലവിലുള്ള വ്യാഖ്യാനം വഴിവയ്ക്കും. സമുദായങ്ങള്‍ക്കിടയില്‍ ഐക്യം സാധ്യമാവണമെങ്കില്‍ ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന സര്‍വവേദ സത്യസാരം പ്രചരിപ്പിക്കണം. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ മൗലവി ചേകന്നൂര്‍ ഇക്കാര്യം പറയുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ ചതിയിലൂടെ വകവരുത്തുകയാണ് ചെയ്തത്.
ഇന്ത്യന്‍ ശരീഅത്ത് നിയമം-മുസ്‌ലിം വ്യക്തിനിയമം കാലാനുസൃതമായി പരിഷ്‌കരണത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.