കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനത്തിനായി ഭൂമി ഏറ്റെടുക്കലിന് ആരും എതിരല്ല. ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നിന്നും ആരംഭിച്ച കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷണയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരം നല്‍കാന്‍ മെല്ലെ പോക്കായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനെതിരേയുള്ള ഒരു പ്രതിഷേധ സമരത്തിനും പോയിട്ടില്ലന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. പി.ടി.എ റഹീം എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.
കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റഫി .പി ദേവസ്സി അധ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി, ബോബിഷ് കുന്നത്ത്, സുബൈര്‍ കൊളക്കാടന്‍, ടി.പി അഹമ്മദ് കോയ, എം.മുസമ്മില്‍, ഡോ. അജില്‍ അബ്ദുല്ല, ടി.പി.എം ഹാഷിര്‍ അലി, ഐപ്പ് തോമസ്, അര്‍ഷാദ് ആദി രാജ, സി.ടി മുന്‍ഷിദ് അലി, കോയട്ടി മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എയര്‍പോര്‍ട്ട് റോഡ് ന്യൂമാന്‍ ജംഗ്ഷനില്‍ കരിപ്പൂര്‍ ഏരിയ മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെയായിരുന്നു സമാപന യോഗം. തുടര്‍ന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയ്ക്കുള്ള മെമ്മോറാണ്ടം എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷിന് കൈമാറി. ഭൂമി ഏറ്റെടുക്കല്‍ സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതായാണ് ലഭ്യമായ വിവരമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്.സുരേഷ് പറഞ്ഞു.