ബെയ്ജിങ്ങ്: 19-ാമത് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചൈന ആതിഥേയത്വം വഹിക്കാന്‍ പൂര്‍ണ്ണ സജ്ജരാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഏഷ്യന്‍ ഗെയിംസ് തീമിലാണ് ഫക്‌സിംഗ് ഇന്റലിജന്റ് ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇ.എം.യു) ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മ്മാണം. 578 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ എട്ട് ബോഗികളാണ് ട്രെയിനിലുള്ളത്. ഇവന്റിന്റെ പ്രധാന നിറമായ റെയിന്‍ബോ പര്‍പ്പിള്‍ ആണ് ട്രെയിനിനും നല്‍കിയിരിക്കുന്നത്. ഒപ്പം ഏഷ്യന്‍ ഗെയിംസിന്റെ ചിഹ്നങ്ങളും ഭാഗ്യമുദ്രയും സ്പോര്‍ട്സ് ചിത്രങ്ങളും ഉപയോഗിച്ച് ട്രെയിന്‍ അലങ്കരിച്ചിട്ടുമുണ്ട്.
പൂര്‍ണ്ണമായ 5ജി വൈഫൈ നെറ്റ്വര്‍ക്കും ഇന്റലിജന്റ് ഇന്ററാക്ടീവ് ടെര്‍മിനലുകളും ഈ ട്രെയിനില്‍ ലഭ്യമാണ്. വയര്‍ലെസ് സ്‌ക്രീന്‍ പ്രൊജക്ഷന്‍, ഓപ്പറേഷന്‍ വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നു. 90 സെന്റീമീറ്റര്‍ വീതിയുള്ള പാസേജ് ഡോറുകള്‍, ബാരിയര്‍ ഫ്രീ ടോയ്ലറ്റുകള്‍, വീല്‍ചെയര്‍ സ്റ്റോറേജ് ഏരിയകള്‍ എന്നിവ സജ്ജീകരിച്ചിട്ടുള്ള ബാരിയര്‍ ഫ്രീ ക്യാരേജുകളും ട്രെയിനിലുണ്ട്.
ട്രെയിനില്‍ ഓട്ടോമാറ്റിക് എയര്‍ പ്രഷര്‍, ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്‌മെന്റ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ തുരങ്കത്തിലൂടെ കടന്നുപോകുമ്പോള്‍ വായു മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥത ഫലപ്രദമായി ഒഴിവാക്കാന്‍ സാധിക്കും. ട്രെയിനിന്റെ ലോക്കോമോട്ടീവ് ബയോണിക് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. അത് എയറോഡൈനാമിക് പ്രതിരോധവും ഊര്‍ജ്ജ ഉപഭോഗവും കുറയ്ക്കുകയും ചെയ്യും.