സ്പീക്കറുടെ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

സ്പീക്കറുടെ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

തലശ്ശേരി: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീറിന്റെ തലശ്ശേരിയിലെ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രകോപിതരായ പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ഉദ്ഘാടനത്തിന് മുന്‍പേയും ശേഷവുമായിരുന്നു പോലിസിന്റെ ജലപീരങ്കി പ്രയോഗിച്ചു. ജൂബിലി റോഡിലെ ബി.ജെ.പി മണ്ഡലം ഓഫിസായ രാമകൃഷ്ണ മന്ദിര പരിസരത്ത് സംഘടിച്ചാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രകടനമായി എം.എല്‍.എ ഓഫിസിലേക്ക് നീങ്ങിയത്. സംഘപരിവാറിലെ ഇതര സംഘടനാ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
ക്യാംപ് ഓഫിസിന് 50 മീറ്റര്‍ അകലെ റോഡില്‍ പോലിസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. പ്രവര്‍ത്തകര്‍ ഇത് മറിച്ചിട്ട് മറികടക്കാന്‍ ശ്രമം നടത്തിയതോടെയാണ് പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നത്. പ്രതിഷേധം ശക്തമായതോടെ പോലിസ് ആദ്യവട്ടം ജലപീരങ്കി പ്രയോഗിച്ചു.
സംഘര്‍ഷം അയഞ്ഞതോടെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ഗണേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഭരണഘടനാ പദവിയിലിരിക്കുന്ന ഷംസീര്‍ സി.പി.എം നേതാവായി അധഃപതിച്ചതായാണ് ഈയ്യിടെയായി കാണുന്നത്. നിയമസഭക്കുള്ളിലെ കൊത്തുപണികളും ചിത്രങ്ങളും നിലവിളക്കുമെല്ലാം ഷംസീര്‍ നീക്കം ചെയ്തു. ഇതൊന്നും ഇവിടെ വേണ്ട എന്ന് പറയാന്‍ ശ്രീരാമകൃഷ്ണനും എം.ബി രാജേഷും തയ്യാറായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പോലിസിനും പ്രസംഗത്തില്‍ മുന്നറിയിപ്പുണ്ടായി.
ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് ഉദ്ഘാടനത്തിനു ശേഷവും പ്രവര്‍ത്തകര്‍ റോഡിലിരുന്ന് മുദ്രവാക്യം മുഴക്കുകയും ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രണ്ടാം തവണയും ജലപീരങ്കി പ്രയോഗമുണ്ടായി. പിരിഞ്ഞു പോവാതെ റോഡ് തടഞ്ഞവരെ പിന്നീട് പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തലശ്ശേരി എ.സി.പിയുടെ കീഴിലുള്ള കതിരൂര്‍, പിണറായി, ന്യൂ മാഹി, ധര്‍മ്മടം, തലശ്ശേരി, സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെയും കണ്ണൂരില്‍ നിന്ന് സായുധ പോലിസിനെയും എത്തിച്ചിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട് ചുമതലയില്‍ തഹസില്‍ദാര്‍ എം.ഷീബയും സ്ഥലത്തുണ്ടായിരുന്നു. എ.സി.പി.അരുണ്‍ കെ.പവിത്രന്‍, തലശ്ശേരി ഇന്‍സ്പ് ക്ടര്‍ എം.അനില്‍ എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *