സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യക്കാര്‍ക്ക് കൂച്ചുവിലങ്ങ് വരുന്നു

സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യക്കാര്‍ക്ക് കൂച്ചുവിലങ്ങ് വരുന്നു

ടി. ഷാഹുല്‍ ഹമീദ്

സാമൂഹ്യ മാധ്യമങ്ങളില്‍ ആദ്യകാലത്ത് വ്യക്തിപരമായ വിവരങ്ങളും വിശേഷങ്ങളും മാത്രം പങ്കുവെക്കുന്ന ഒരു ഇടമായിരുന്നുവെങ്കില്‍ ഇന്ന് അത് നൂതന കച്ചവട കേന്ദ്രം ആയി മാറിയിരിക്കുന്നു. ഉപഭോക്താക്കളെ കാണാനും സംവദിക്കുവാനുമുള്ള വേദിയായി ഉത്പാദകര്‍, കമ്പനികള്‍ ,വ്യവസായികള്‍ എന്നിവര്‍ സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി അത്യന്തം കലുഷിതമായ ഒരു രംഗമായി സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ മാറുകയും ഇത്തരം പരസ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും സ്വാധീനം ചെലുത്തുന്ന വ്യക്തികളെയും നിയന്ത്രിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നു. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ ഏറെ ആകര്‍ഷിക്കപ്പെടുന്ന ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളിലെ സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങളാണ് നിയന്ത്രിക്കാന്‍ വേണ്ടി പോകുന്നത്. ഓണ്‍ലൈനിലൂടെ പ്രോട്ടീന്‍ പോഷകാഹാരം ലഭിക്കുമെന്ന് പരസ്യം നല്‍കി വഞ്ചിക്കപ്പെട്ടുപോയ ഒട്ടനവധി ആളുകള്‍ക്ക് പ്രത്യാശ നല്‍കുന്ന തീരുമാനമാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത് . സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ പരസ്യങ്ങളും പൂര്‍ണമായും സത്യമായതോ ശാസ്ത്രീയമായ രീതിയിലുള്ളതോ അല്ല എന്നും അതില്‍ വരുന്ന പരസ്യങ്ങളില്‍ ബഹുഭൂരിഭാഗം ഉപഭോക്താക്കള്‍ക്ക് പ്രയാസവും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു എന്ന് കണ്ടതിനാലാണ് പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. അസത്യമായ പരസ്യവാഹകരാകുന്നവരില്‍ നിന്നും 10 ലക്ഷം രൂപ വരെ പിഴ ചുമത്തുവാനുള്ള ഒരു പുതിയ നിയമമാണ് ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ പണം ചെലവഴിക്കാതെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാനോ, സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനോ സാധികുകയില്ല എന്ന് ബോധ്യം ഉണ്ടായതോടുകൂടി ഉപഭോക്താക്കളുടെ മനസ്സ് അറിയുവാനും നേരിട്ട് ഓണ്‍ലൈന്‍ വിപണിയില്‍ ഇടപെടാനുള്ള അസുലഭമായ അവസരമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വിവിധതരത്തിലുള്ള പരസ്യതന്ത്രമാണ് സ്വീകരിക്കുന്നത്. വിപണിയെ ലളിതമാക്കുവാനും വ്യതിരക്തമാക്കുവാനും സോഷ്യല്‍ മീഡിയകൊണ്ട് സാധിക്കുന്നു. നേരിട്ട് കാണാന്‍ കഴിയാത്ത ഉപഭോക്താക്കളില്‍ എത്തിച്ചേരാനുള്ള ഒരു വലിയ ബിസിനസ് പരസ്യ മേഖലയായി സോഷ്യല്‍ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ലോകത്ത് 490 കോടി ജനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നു. 2027 ആകുമ്പോഴേക്കും അത് 585 കോടിയായി വര്‍ദ്ധിക്കും എന്ന് കരുതുന്നു. ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടുകൂടി ഓണ്‍ലൈന്‍ വിപണികള്‍ക്ക് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. 290 ദശലക്ഷം പേര്‍ പ്രതിമാസം ഫേസ്ബുക്ക് നിരന്തരം ഉപയോഗിക്കുന്നു. യൂട്യൂബില്‍ 250 ദശലക്ഷവും, വാട്‌സാപ്പിനും ഇന്‍സ്റ്റാഗ്രാമിനും 200 ദശലക്ഷവും, വീ ചാറ്റിന് 130 ദശലക്ഷവും ടിക് ടോകിന് 100 ദശലക്ഷവും സജീവ ഉപഭോക്താക്കള്‍ പ്രതിമാസം ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഒരു മനുഷ്യന്‍ ശരാശരി ഒരു ദിവസം 145 മിനിറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചെലവഴിക്കുന്നു. 73 കൊല്ലം ജീവിക്കുന്ന ഒരു മനുഷ്യനാണെങ്കില്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ സാമൂഹ്യ മാധ്യമങ്ങള്‍ ചിലവഴിക്കും. ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലെ 66% ജനങ്ങളും കാണുന്നു. ഇതില്‍ വലിയ രീതിയില്‍ പരസ്യങ്ങള്‍ കടന്നുകൂടുകയും യൂട്യൂബര്‍മാരും സെലിബ്രിറ്റികളും സാമൂഹിക പ്രചോദകരും സാമൂഹ്യ മാധ്യമങ്ങളില്‍ അരങ്ങ് തകര്‍ക്കുകയും ചെയ്യുന്നു. 2022ല്‍ മാത്രം സാമൂഹ്യ മാധ്യമമായ ടിക്ടോക്ക് 350 മില്യണ്‍ ഡോളര്‍ പരസ്യത്തിലൂടെ വരുമാനം നേടിയപ്പോള്‍, ഫെയ്‌സ്ബുക്കിന് 250 മില്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചു. 18 വയസ്സ് മുതല്‍ 29 വയസ്സ് വരെയുള്ള പ്രായക്കാരില്‍ 84% വും, 30 വയസ്സ് മുതല്‍ 49 വയസ്സ് വരെയുള്ളവരില്‍ 81 %വും 50 വയസ്സ് മുതല്‍ 64 വയസ്സുവരെയുള്ളവരില്‍ 73% വും 65 ന് മുകളിലുള്ളവരില്‍ 45 % വും സോഷ്യല്‍ മീഡിയ ധാരാളമായി ഉപയോഗിക്കുന്നു. 77% ചെറുകിട വ്യവസായികളും സോഷ്യല്‍ മീഡിയയെ ബിസിനസ് ആവശ്യാര്‍ത്ഥം ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയയിലെ 90% ജനങ്ങളും ഏതെങ്കിലും ഒരു ബ്രാന്‍ഡ് ജീവിതത്തില്‍ ഉപയോഗിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളെ വിശ്വസിച്ച് 76% പേരും വ്യത്യസ്ത വാങ്ങലുകള്‍ നടത്തുന്നു. ഇതില്‍ 50% വും സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരുടെ പ്രലോഭനങ്ങളിലാണ് വാങ്ങിക്കുന്നത്. പുതിയ നിര്‍ദ്ദേശപ്രകാരം സ്വന്തമായി ഉപയോഗിക്കുകയോ അനുഭവിക്കുകയോ ചെയ്യാതെ ഒരു പരസ്യത്തിലും അഭിനയിക്കുകയോ സോഷ്യല്‍ മീഡിയയിലൂടെ അത് പ്രോത്സാഹിപ്പിക്കുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്. കൊക്കക്കോള കുടിച്ചാല്‍ യൗവനം വരും എന്ന് കമ്പനിക്കാര്‍ അവകാശപ്പെടുമ്പോള്‍ സത്യവുമായി ഏറെ അകലെയാണ് വസ്തുത. ഉപഭോകൃത കാലഘട്ടത്തില്‍ നമ്മുടെ ജീവിതം തന്നെ വിപണി നിയന്ത്രിക്കുന്നവരുടെയും ബ്രാന്‍ഡിങ് വിദഗ്ധന്മാരുടെയും കയ്യിലാണ്. പ്രതിദിനം നൂറു കണക്കിന് ബ്രാന്റിങ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരായി മനുഷ്യര്‍ മാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ മനസ്സ് വെച്ച് കളിക്കുന്നവര്‍ വസ്തുതകള്‍ വായുവില്‍ നിന്ന് മെനഞ്ഞെടുക്കുവാനോ അതില്‍ അടിയുറച്ചു നില്‍ക്കുവാനോ പാടില്ല. വസ്തുതകള്‍ അടിസ്ഥാനമാക്കി മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ പാടുള്ളൂ. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കുന്നവരുടെ വസ്തുതകള്‍ ആധികാരികമായിരിക്കണം. ഉപഭോക്താക്കള്‍ക്ക് എപ്പോഴും ശരിയായ കാഴ്ചപ്പാട് നല്‍കാന്‍ കഴിയുന്ന ബ്രാന്‍ഡിങ് ഉത്പന്നങ്ങളില്‍ ആധികാരികതയാണ് പ്രാധാന്യം. സോഷ്യല്‍ മീഡിയയില്‍ അധികകാലം കള്ളത്തരം പറഞ്ഞു അര്‍ദ്ധ സത്യങ്ങളുമായി നിലനില്‍ക്കാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റ് വ്യാപകമായതോടെ വസ്തുതാ പരിശോധന ദ്രുതഗതിയില്‍ നിമിഷാര്‍ദ്ധം നടക്കുന്നതിനാല്‍ ഒന്നിനെയും കുഴിച്ചുമൂടാന്‍ സാധിക്കുകയില്ല. ഒരിക്കല്‍ ഡിജിറ്റല്‍ ഇടത്തിലേക്ക് തള്ളിവിട്ട വസ്തുതകള്‍ പിന്നീട് പൊന്തിവന്ന് നമ്മെ തുറിച്ചു നോക്കും. നിലവില്‍ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയാല്‍ അത് നിയന്ത്രിക്കാനുള്ള സംവിധാനം ഇല്ലായിരുന്നു. ഇനി മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കുന്ന എല്ലാതര പരസ്യങ്ങളും, പരസ്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഘടകങ്ങള്‍ക്കും കൂച്ച് വിലങ്ങ് വീഴാന്‍ പോവുകയാണ്. സോഷ്യല്‍ മീഡിയയിലുള്ള കാര്യങ്ങള്‍ മരണമില്ലാത്ത വസ്തുതകളാണ് എന്ന് തിരിച്ചറിഞ്ഞ് മാത്രമേ സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ക്ക് മുതിരാവൂ.

10 വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ചടി മാധ്യമങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയായിരുന്നു പരസ്യ ദാതാക്കളുടെ മേച്ചില്‍ പുറമെങ്കില്‍ നിലവില്‍ അത് സോഷ്യല്‍ മീഡിയായി മാറിയിരിക്കുന്നു. പുതിയ മറ്റെന്തെങ്കിലും സംവിധാനം ഉദയം ചെയ്യുന്നതുവരെ സോഷ്യല്‍ മീഡിയ ഇങ്ങനെ തന്നെ തുടരുന്നതാണ്. സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ജനങ്ങളോട് അങ്ങോട്ട് നേരിട്ട് സംവദിക്കുവാന്‍ സാധിക്കുന്നു എന്നതാണ്. ആയിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ 42% അവരുടെ ഉല്‍പ്പന്നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തുന്നു. ഇതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധീനം ഉള്ളവരെ ഉപയോഗപ്പെടുത്തുന്നു. സാമൂഹിക വിനിമയവും സാമൂഹിക സാമ്പത്തിക ജീവിതവും 2023ല്‍ കൂടുതല്‍ വിപുലപ്പെടും എന്നതിനാല്‍ സോഷ്യല്‍ മീഡിയയിലുള്ള പരസ്യങ്ങള്‍ സുതാര്യവും ആധികാരികവുമായിരിക്കണം.

2019ലെ ഉപഭോകൃത സംരക്ഷണ നിയമത്തില്‍ 2022ല്‍ വന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കായി പ്രലോഭനങ്ങളുള്ള പരസ്യങ്ങള്‍ പുറപ്പെടുവിക്കാന്‍ പാടില്ല. സത്യമായതും വിശ്വസ്തത ഉള്ളതായിരിക്കണം പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുവാന്‍ പാടില്ലാത്തതാണ്. കൃത്യതയെ പര്‍വ്വതീകരിക്കുകയോ ശാസ്ത്രീയമായ നിയമ സത്യങ്ങളെ ഇല്ലാതാക്കാന്‍ പാടില്ല. പരസ്യങ്ങള്‍ സത്യസന്ധത പുലര്‍ത്തുന്നതായിരിക്കണം. ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെ പറ്റിയുള്ള ശാസ്ത്രീയ നിഗമനങ്ങള്‍ ജനങ്ങളെ അറിയിക്കണം. ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടി എന്ന് പറഞ്ഞു പരസ്യം നല്‍കുമ്പോള്‍ അതില്‍ യുക്തിഭദ്രത ഉണ്ടാകണം. ഉല്‍പ്പന്നങ്ങള്‍ ,സേവനങ്ങള്‍ ഉപയോഗിച്ചാലുള്ള അപകട സാധ്യത, വ്യക്തിപരമായ സുരക്ഷിതത്വം, മൗലികമായ ഉപഭോക്താളുടെ സ്വാതന്ത്ര്യം എന്നിവ കൃത്യമായി പരസ്യങ്ങളില്‍ പറയുകയും, പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന വാക്കുകളില്‍ ഇത് ഉപയോഗിക്കുകയും ചെയ്യണം. കുട്ടികളെ സംബന്ധിച്ചുള്ള പരസ്യത്തില്‍ അതീവ ശ്രദ്ധ വേണം. അനുകരിക്കുവാനും പ്രചോദിപ്പിക്കുവാനും ശരീര സങ്കല്പങ്ങളെ ഇല്ലാതാക്കുവാനും ചില പരസ്യങ്ങള്‍ കാരണമായതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത കാണിക്കണം. ഇക്കാര്യത്തില്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്ന യൂട്യൂബര്‍മാരുടെ പരസ്യങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിയന്ത്രിക്കാന്‍ വേണ്ടി പോവുകയാണ്.

കമ്പ്യൂട്ടര്‍ ഉണ്ടാകുന്ന കല്‍പ്പിത കഥകള്‍, അവതാറുകള്‍, നിലവിലുള്ള ജീവിതങ്ങളുമായി താരതമ്യം ചെയ്ത് ഉണ്ടാകുന്ന പരസ്യവാചകം, പരസ്യത്തിന്റെ ശീര്‍ഷകത്തില്‍ നല്‍കുന്ന പ്രത്യേക ഘടനാപരമായ വാക്കുകള്‍ കൃത്യമായതും ഔന്നിത്യംമുള്ളതുമായിരിക്കണം. ഉല്‍പ്പന്നങ്ങളെ കുറിച്ചോ, സേവനങ്ങളെ കുറിച്ചോ വിട്ടുപോകാതെ എല്ലാ വിവരങ്ങളും ചേര്‍ത്തു മാത്രമേ പരസ്യങ്ങള്‍ നല്‍കാന്‍ പാടുള്ളൂ. ഈ കാര്യം ഹാഷ് ടാഗുകളിലും രേഖപെടുത്തണം. പരസ്യവാചകങ്ങള്‍ എല്ലാവരും കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും അറിയുന്ന ഭാഷകളില്‍ നല്‍കുകയും ചെയ്യണം. സോഷ്യല്‍ മീഡിയയില്‍ ബ്രാന്‍ഡിങ്ങുകളുടെ പരസ്യങ്ങള്‍ തലങ്ങും വിലങ്ങുമാണ് നിലവില്‍ കാണപ്പെടുന്നത്. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനുള്ള ശ്രമമാണ് മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ സോഷ്യല്‍ മീഡിയയിലൂടെ ചെയ്യുന്നത്. ബ്രാന്‍ഡിംഗ് എന്നാല്‍ ജനങ്ങള്‍ സത്യമാണ് എന്ന് വിശ്വസിക്കുന്നത് വരെ കല്‍പിത കഥകള്‍ ആവര്‍ത്തിച്ചു പറയുന്നതാണ്. ഇത്തരം കല്‍പിത കഥകള്‍ സോഷ്യല്‍ മീഡിയയെ സ്വാധീനിക്കുന്ന വ്യക്തികള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് ഇനി നിയമ പരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്ത്, പോസ്റ്റിങ്ങുകള്‍, പരസ്യങ്ങള്‍ എന്നിവ ആധികാരികമായിരിക്കണം. പ്രത്യേകിച്ച് പരസ്യങ്ങളില്‍. മറ്റുള്ളവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരണ നല്‍കുന്നവരുടെ വാക്കുകളില്‍ സത്യസന്ധത ഉണ്ടായിരിക്കണം. പുതിയ വിവരങ്ങള്‍ നല്‍കി പരസ്യങ്ങളിലെ വാക്കുകളും വീഡിയോകളും നായീകരിക്കേണ്ടതായിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ ബ്ലോഗുകള്‍, സ്റ്റോറികള്‍, ഇമേജുകള്‍, വീഡിയോകള്‍ എല്ലാം മൂല്യത്തോട് അങ്ങേയറ്റം ചേര്‍ന്ന് നില്‍ക്കേണ്ടതായിരിക്കണം. അല്ലാത്തപക്ഷം അത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഒരു പ്രത്യാശ നല്‍കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഒരു നിയമനിര്‍മാണത്തിലൂടെ നടത്താന്‍ വേണ്ടി പോകുന്നത്. ശുഭപ്രതീക്ഷയോടുകൂടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിതരായി പ്രയാസപ്പെട്ട് കിടക്കുന്ന അനേകലക്ഷം ജനങ്ങള്‍ പുതിയ നീക്കത്തെ കാണുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *