കോഴിക്കോട്: വെറുപ്പിന്റെ മതവും രാഷ്ട്രീയവും രാജ്യത്തിനാപത്താണെന്ന് പ്രശസ്ത കവി പി.കെ ഗോപി. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് പരിസരത്ത് നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലില്ലാത്ത ആദര്‍ശങ്ങളുടെ ആവര്‍ത്തനം നിരര്‍ത്ഥകമാണ്. അധികാരം ഒരു ജനതയുടെ ഒരുമയിലും ശക്തിയിലും ശ്രദ്ധിക്കണം. മതജാതി പ്രീണനങ്ങളുടെ കടന്നുകയറ്റവും കോര്‍പ്പറേറ്റുകളുടെ തന്ത്രവും തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന സംസ്‌കാരം അപമാനമാണ്. ഒരിക്കല്‍ ദരിദ്രരുടെ നഗ്‌നത മറയ്ക്കാന്‍ പരുത്തിനൂല്‍ നൂറ്റ രാഷ്ട്രമാണിത്. വസ്ത്രമുരിയുന്ന ദുശ്ശാസനന്മാരുടെ മടങ്ങിവരവ് ഭയമുളവാക്കുന്നു. മനസ്സാക്ഷിയുടെ കവിത അന്നും ഇന്നും വിലപിക്കുകയാണ്. അധികാരത്തിലേറാന്‍ ആയുധമെടുക്കുന്നവരുടെ ലക്ഷ്യം അധികാരം മാത്രമാണ്. ഈ രാജ്യം നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. സ്‌നേഹബോധത്തിന്റെ പേടകം എവിടെയോ അന്തര്‍ധാനം ചെയ്യുകയാണ്. അക്ഷരത്തിനു പകരം ആയുധമെടുക്കുമ്പോള്‍ മനുഷ്യത്വം ഇല്ലാതാവും. മണിപ്പൂരിന്റെ മുറിവ് ഇന്ത്യയുടെ മുറിവായി കരുതി ഐക്യത്തോടെ നാം ചികിത്സയും പുനരധിവാസവും കണ്ടെത്തണം. ‘അരുതരുതു കൊല്ലരുതനുജാ, മനസ്സിന്റെ അമൃതുമായെത്തുമീ ശാരികപ്പൈതലെ’ എന്നു മാത്രമേ കവിക്കു വേദനിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.