കോഴിക്കോട്: വിമാനത്താവള വികസനത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പെന്ന് പി.ടി.എ റഹീം എം.എല്‍.എ. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ബീച്ച് ഫ്രീഡം സ്ക്വയറില്‍ നിന്നും ആരംഭിച്ച കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷണയാത്ര ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് എയര്‍പോര്‍ട്ട് വലിയ ഭീഷണിയുടെ വക്കിലാണ്. അതിനെ മറികടക്കാന്‍ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കുകയും വേണം. പാര്‍ലമെന്റ് ഉപസമിതി ഭൂമി ഏറ്റെടുക്കല്‍ ചെലവ് സംസ്ഥാനം വഹിക്കണമെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം പ്രദേശവാസികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്തായാലും വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ റിസയുടെ നീളം കൂട്ടല്‍ അനിവാര്യമാണ്. മറിച്ച് ഒരു തീരുമാനവും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും പി.ടി.എ റഹീം കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റഫി .പി ദേവസ്സി അധ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്മാന് ഡോ. കെ മൊയ്തു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി, മുന്‍ പ്രസിഡന്റുമാരായ സുബൈര്‍ കൊളക്കാടന്‍, ടി.പി അഹമ്മദ് കോയ, എം. മുസമ്മില്‍, എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗം ടി.പി.എം ഹാഷിര്‍ അലി, മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി, ആര്.ജയന്ത് കുമാര്‍, മുന്‍ഷിദ്, മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍, ഹാഷിം കടയ്ക്കലകം തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കരിപ്പൂര്‍ ഹജ്ജ് ഹൗസിന് സമീപം ലക്ഷ്യമാക്കി വാഹന യാത്ര. ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.