മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം: കേരള പ്രവാസിസംഘം പ്രതിഷേധ സംഗമം നടത്തും

മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം: കേരള പ്രവാസിസംഘം പ്രതിഷേധ സംഗമം നടത്തും

കോഴിക്കോട്: കലാപബാധിതമായ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇന്ത്യയുടെ യശസ്സ് വിദേശരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇകഴ്ത്തുന്ന തരത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട മണിപ്പൂര്‍, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തിയും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി സംഗമം സംഘടിപ്പിക്കും. ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വെച്ച് നടക്കുന്ന സംഗമത്തില്‍ ജില്ലയിലെ 16 ഏരിയകളില്‍ നിന്നായി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
കേരള പ്രവാസിസംഘം സംസ്ഥാന നേതാക്കള്‍ക്ക് പുറമെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭരും പരിപാടിയില്‍ പങ്കെടുക്കും. ദീര്‍ഘകാലം പരസ്പര സഹകരണത്തോടെ കഴിഞ്ഞിരുന്ന മണിപ്പൂര്‍ ജനങ്ങളെ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് വിദ്വേഷത്തിന്റെ വിത്തുകള്‍ പാകി പരസ്പരം ശത്രുക്കളാക്കി മാറ്റിയത്. അധികാരം നിലനിര്‍ത്തുന്നതിനായി ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു കൂടെ നിര്‍ത്തുന്നതിനായി ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി കലാപമഴിച്ചു വിടുകയാണ് മണിപ്പൂരില്‍ ചെയ്യുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 200 ഓളം പേര് ഇതിനകം കലാപത്തില്‍ കൊല്ലപ്പെട്ടു. എണ്ണമറ്റ വീടുകളും ആരാധനാലയങ്ങളും അഗ്‌നിക്കിരയാക്കി. കടകമ്പോളങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. 200 ലധികം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് തീയിട്ടു. 50000 ത്തിലധികം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. ഏറ്റവുമൊടുവില്‍ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. നിരവധി സ്ത്രീകള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

ലോകമാകെ ഇന്ത്യയെ നാണം കെടുത്തുന്ന തരത്തില്‍ ഇത്തരം വാര്‍ത്തകള്‍ ദൃശ്യങ്ങള്‍ സഹിതം പ്രചരിക്കുകയാണ്. ലോകമാകെയുള്ള ഇന്ത്യക്കാര്‍ക്ക് ഇതര രാജ്യക്കാരുടെ മുന്നില്‍ തലകുനിക്കേണ്ട സാഹചര്യമാണ് മണിപ്പൂരിലെ സംഭവങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കലാപം അവസാനിപ്പിക്കുന്നതിനും, മണിപ്പൂരിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത പ്രവാസി സംഗമം വന്‍വിജയമാക്കണമെന്ന് ജില്ലയിലെ മുഴുവന്‍ പ്രവാസികളോടും ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. സജീവ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, വൈ. പ്രസിഡണ്ട് ഷാഫിജ പുലാക്കല്‍, ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍, ട്രഷറര്‍ എം. സുരേന്ദ്രന്‍, സംസ്ഥാനകമ്മറ്റി അംഗങ്ങളായ സലിം മണാട്ട്, മഞ്ഞക്കുളം നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *