തലശ്ശേരിയില്‍ പട്ടയം അസംബ്ലി നടത്തി

തലശ്ശേരിയില്‍ പട്ടയം അസംബ്ലി നടത്തി

തലശ്ശേരി: നിയോജകമണ്ഡലത്തിലെ മുഴുവന്‍ പേര്‍ക്കും പട്ടയം അനുവദിക്കുന്നതിന്റെ മുന്നോടിയായി സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ പട്ടയം അസംബ്ലി ചേര്‍ന്നു. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനാണ് പട്ടയ മിഷന്റെ ഭാഗമായി പട്ടയം അസംബ്ലി നടത്തുന്നത്. തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, താലൂക്ക്തല റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നോഡല്‍ ഓഫിസര്‍ ടി.വി രഞ്ജിത്ത് പദ്ധതിയുടെ വിശദീകരണം നടത്തി. മണ്ഡലത്തിലെ ലക്ഷം വീട് കോളനികളടെയും നല്‍കാന്‍ ബാക്കിയുള്ള പട്ടയങ്ങളുടെയും വിശദമായ പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും വില്ലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്‌നങ്ങളാണ് പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാരായി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങള്‍ പരിശോധിച്ച് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. പരിഹരിക്കാന്‍ കഴിയാത്തവ നിലവിലുളള പട്ടയം ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യസംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ, എം.പി ശ്രീഷ (എരിഞ്ഞോളി), സി.കെ രമ്യ (ചൊക്ലി), സി.കെ അശോകന്‍ (പന്ന്യന്നൂര്‍), എം.കെ സെയ്ത്തു (ന്യൂ മാഹി) വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, അംഗങ്ങള്‍, തലശ്ശേരി തഹസില്‍ദാര്‍ കെ.ഷീബ, എല്‍.ആര്‍ തഹസില്‍ദാര്‍ കണ്‍വീനര്‍ വി.പ്രശാന്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *