ജെ.ഡി.എസ് ആരുമായും സഖ്യത്തിനില്ല; ബി.ജെ.പി ബാന്ധവം തള്ളി ദേവ ഗൗഡ

ജെ.ഡി.എസ് ആരുമായും സഖ്യത്തിനില്ല; ബി.ജെ.പി ബാന്ധവം തള്ളി ദേവ ഗൗഡ

ബംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ തള്ളി ജെ.ഡി.എസ് നേതാവും രാജ്യസഭാംഗവുമായ എച്ച്.ഡി ദേവ ഗൗഡ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റയ്ക്ക് നേരിടുമെന്നും എന്‍.ഡി.എയുമായും ഇന്ത്യയുമായും ആരുമായും സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള 28 ലോക്സഭ സീറ്റുകളില്‍ വിജയസാധ്യതയുള്ള സീറ്റുകളിലെല്ലാം ജെഡിഎസ് മത്സരിക്കും. പാര്‍ട്ടിക്ക് സ്വാധീനമുള്ള സീറ്റുകള്‍ ഏതൊക്കെയെന്ന് ജില്ല നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മനസിലാക്കും. ഇതല്ലാതെ ആരുമായും കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി ആലോചിക്കുന്നില്ലെന്നും എച്ച് ഡി ദേവെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണാടക നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷമെന്ന നിലയില്‍ ബി.ജെ.പിക്കൊപ്പം കൈകോര്‍ക്കാനുള്ള തീരുമാനം ജെ.ഡി.എസ് കൈക്കൊണ്ടതായി മകന്‍ എച്ച്.ഡി കുമാരസ്വാമി അറിയിച്ചിരുന്നു. നിയമസഭയില്‍ 10 ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരേ അച്ചടക്ക നടപടി എടുത്ത സംഭവത്തിലുള്‍പ്പടെ നിരവധി വിഷയങ്ങളില്‍ കുമാരസ്വാമി ബി.ജെ.പിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരേയുള്ള സമരങ്ങളില്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ബി.ജെ.പി – ജെ.ഡി.എസ് നിയമസഭ കക്ഷി നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി, ഈ സാഹചര്യത്തിലാണ് ബി.ജെ.പി ബാന്ധവം തള്ളി ദേവ ഗൗഡയുടെ വാക്കുകകള്‍.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും കര്‍ണാടകയില്‍ സഖ്യമായിരുന്നു. 28 സീറ്റുകളില്‍ ഏഴ് എണ്ണത്തില്‍ ജെ.ഡി.എസും 21 എണ്ണത്തില്‍ കോണ്‍ഗ്രസും മത്സരിച്ചു. ബി.ജെ.പി തൂത്തുവാരിയ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും ഒന്ന് വീതം സീറ്റുകളായിരുന്നു ലഭിച്ചത്. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ രൂപീകരിച്ച ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിലം പൊത്തുകയും സഖ്യം പിരിയുകയും ചെയ്തു.
കോണ്‍ഗ്രസ് ആതിഥ്യമരുളിയ വിശാല പ്രതിപക്ഷ യോഗത്തിന് ജെ.ഡി.എസ് കൈകൊടുക്കാതിരുന്നത് ബി.ജെ.പിയുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ആയിരുന്നു. എന്നാല്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് കര്‍ണാടകയില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് ജെ.ഡി.എസിലെ ഒരുപക്ഷം.

Share

Leave a Reply

Your email address will not be published. Required fields are marked *