ക്വുര്‍ആനിന്റെ മാനവിക സൗഹാര്‍ദ്ദ ദര്‍ശനങ്ങള്‍ നിത്യ പ്രസക്തം : വിസ്ഡം യൂത്ത് ക്വുര്‍ആന്‍ കോണ്‍ഫറന്‍സ്

ക്വുര്‍ആനിന്റെ മാനവിക സൗഹാര്‍ദ്ദ ദര്‍ശനങ്ങള്‍ നിത്യ പ്രസക്തം : വിസ്ഡം യൂത്ത് ക്വുര്‍ആന്‍ കോണ്‍ഫറന്‍സ്

കോഴിക്കോട്: സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന വിഭാഗീയ ചിന്തകള്‍ വളര്‍ത്താന്‍ മന:പൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് അവയെ പ്രതിരോധിക്കാന്‍ മാനവിക സൗഹാര്‍ദ്ദങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഖുര്‍ആനികാശയങ്ങള്‍ക്ക് സാധിക്കുമെന്ന് വിസ്ഡം യൂത്ത് ക്വുര്‍ആന്‍ കോണ്‍ഫറന്‍സ് വിലയിരുത്തി. വര്‍ഗീയ വാദികള്‍ സ്വസ്ഥ്യം കെടുത്തുകയും, ലിബറല്‍ സ്വതന്ത്ര ചിന്താവാദികള്‍ കുടുംബ, സാമൂഹ്യ വ്യവസ്ഥകള്‍ തകര്‍ത്തെറിയാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന മാനവിക ദര്‍ശനത്തിന്റെയും കുടുംബ, സാമൂഹ്യ വ്യവസ്ഥയുടെയും മൗലികത നിത്യ പ്രസക്തമാണെന്നും വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ലാ സമിതി കൊടിയത്തൂരില്‍ സംഘടിപ്പിച്ച ക്വുര്‍ആന്‍ സമ്മേളനം ആവര്‍ത്തിച്ചു. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന്റെ അനിവാര്യതയും, പുതിയ കാലത്തെ പഠന സാധ്യതകളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

മണിപ്പൂര്‍ കലാപത്തില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കി ക്രൂരമായ പീഢനങ്ങള്‍ നടത്തുന്നവര്‍ക്കും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കുമെതിരെ രാജ്യം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് കലാപം പടരാതിരിക്കാനുള്ള ജാഗ്രത അതത് സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രമുഖ പണ്ഡിതനും വിശുദ്ധ ക്വുര്‍ആന്‍ വിവര്‍ത്തകനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാഥിതിയായി. സ്വാഗത സംഘം ചെയര്‍മാന്‍ അഷ്റഫ് കല്ലായി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ക്വു.എച്ച്.എല്‍.എസ് പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. സജ്ജാദ്, കുവൈറ്റ് ഇസ്ലാഹി സെന്റര്‍ സെക്രട്ടറി സി.പി അബ്ദുല്‍ അസീസ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് വി.ടി അബ്ദുല്‍ ബഷീര്‍, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

പ്രമുഖ പണ്ഡിതനും പീസ് റേഡിയോ സി.ഇ.ഒയുമായ പ്രൊഫ. ഹാരിസ് ബിന്‍ സലിം, അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍, മുജാഹിദ് ബാലുശ്ശേരി, ത്വല്‍ഹത് സ്വലാഹി, മുസ്തഫ മദനി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍, പ്രസിഡന്റ് അമീര്‍ അത്തോളി, ഭാരവാഹികളായ സി.വി അസീല്‍, മുഫീദ് നന്മണ്ട, ജാബിര്‍, ജുബൈര്‍, അസ്ഹര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *