തലശ്ശേരി: സഹകരണരംഗത്തെ അതുല്യപ്രതിഭ ഇ. നാരായണന്റെ സ്മരണയ്ക്ക് തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ. നാരായണന്‍ പുരസ്‌കാരം ഐ.വി ശിവരാമന്. സഹകരണ മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍ ചെയര്‍മാനായ സമിതിയാണ് ഐ. വി ശിവരാമനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. 50,001 രൂപയും പ്രശസ്തി പത്രവും കെ.കെ മാരാര്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവും അടങ്ങുന്ന അവാര്‍ഡ് 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിറ്റാണ്ടുകളായി സഹകരണരംഗത്ത് സേവനമനുഷ്ഠിക്കുന്ന മുതിര്‍ന്ന സഹകാരിയും,1996 മുതല്‍ 16 വര്‍ഷം ഇന്ത്യന്‍ കോഫി ഹൗസ് പ്രസിഡന്റായിരുന്നു. ധര്‍മശാലയില്‍ ഇന്ന് കാണുന്ന കോഫി ഹൗസ് കെട്ടിടത്തിന് അടിത്തറയിട്ടത് ഈ കാലത്താണ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കോഫി ഹൗസിന്റെ വളര്‍ച്ചക്കും നേതൃത്വം നല്‍കി. ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പിലാത്തറ കോ-ഓപ്പറേറ്റീവ് ആട്സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍, പയ്യന്നൂര്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഭരണസമിതി അംഗം, ഇ.പി.എഫ് പെന്‍ഷനേഴ്സ് കണ്ണൂര്‍ ജില്ല കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, പഴയങ്ങാടി ഹൗസിങ്ങ് സൊസൈറ്റി ഡയരക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കണ്ണപുരം ചക്കര സൊസൈറ്റി ജീവനക്കാരനായാണ്ഐ.വി ശിവരാമന് സഹകരണ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. കണ്ണപുരം ഓയില്‍ സൊസൈറ്റി, മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്തു. സഹകരണ ജീവനക്കാരുടെ ആദ്യ യൂണിയനായ കണ്ണൂര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് യൂണിയന്‍ സ്ഥാപകാംഗമാണ്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായും ജില്ല പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പതിമൂന്നാം വയസ്സില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തരാവസ്ഥകാലത്ത് 19 മാസം ഒളിവിലായിരുന്നു. ഐ.വി ദാസ് എഡിറ്ററായ മുന്നണി പത്രത്തിന്റെ മാനേജറായിരുന്നു. സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലകമ്മിറ്റി അംഗമാണ്. വാര്‍ത്താസമ്മേളനത്തില്‍ റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സി. വത്സന്‍, ജനറല്‍ മാനേജര്‍ സി.എം സന്തോഷ്, പുരസ്‌കാര സമിതി അംഗം കെ.വി മോഹനന്‍ എന്നിവരും പങ്കെടുത്തു.