മാഹി: മാഹിയില്‍ ആധാരം അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടാല്‍ തമിഴ് / ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണമെന്ന മാഹി സബ് രജിസ്ട്രാരുടെ നിലപാട് പൊതുജനങ്ങള്‍ക്ക് വിനയായി. തമിഴ്‌നാട്ടിന്റെ രീതി അവലംബിച്ചാണ് മലയാളം സംസാരിക്കുന്ന മാഹിയില്‍ അടുത്തിടെ ചുമതലയേറ്റ മലയാളിയായ സബ് – രജിസ്ട്രാര്‍ പുതിയ നിബന്ധന കൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് നിരവധിപേര്‍ രേഖകള്‍ പുതുക്കിക്കിട്ടാതെ വലയുകയാണ്. ദശകങ്ങളായി മാതൃഭാഷയിലെ പത്രങ്ങളിലാണ് പരസ്യം നല്‍കി വന്നത്. പുതുച്ചേരിയില്‍ ഇംഗ്ലിഷിലും തമിഴിലുമാണ് പരസ്യം നല്‍കി വരുന്നത്. അതേ രീതി തന്നെ മലയാളം സംസാരിക്കുന്ന മാഹിയിലും നടപ്പിലാക്കാനാണ് പുതുതായി വന്ന സബ് – രജിസ്ട്രാര്‍ ശ്രമിക്കുന്നത്. അസ്സല്‍ രേഖ നഷ്ടപ്പെട്ട് പോയാല്‍ മലയാള പത്രപരസ്യവും, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുമാണ് ഇക്കാലമത്രയും ആവശ്യമായിരുന്നുള്ളൂ. ഇപ്പോള്‍ പൊലീസിന്റ മിസ്സിങ്ങ് സര്‍ട്ടിഫിക്കറ്റ് കൂടി വേണം. എന്നാല്‍ മിസ്സിങ്ങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ തമിഴ് / ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് എസ്.പി.രാജശങ്കര്‍ വെള്ളാട്ട് ജനശബ്ദം മാഹി പ്രതിനിധി സംഘത്തെ അറിയിച്ചു. ഇ.കെ റഫീഖ്, ടി.എം സുധാകരന്‍, ചാലക്കര പുരുഷു എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.