ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇന്നലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കലാപം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ ചുരാചന്ദ്പുരില്‍ സ്‌കൂളിന് അക്രമികള്‍ തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് സുരക്ഷയ്ക്കായി പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
സ്‌കൂളിന് തീവച്ച സംഭവത്തില്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിട, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയ കത്തിനശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മെയ് മൂന്നിന് ആരംഭിച്ച അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അടഞ്ഞു കിടക്കുകയായിരുന്നു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍. സ്‌കൂളുകളുകള്‍ തുറക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയായേക്കുമെന്നാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇംഫാല്‍ വിമാനതാവളത്തില്‍ കൂടുതല്‍ ജവാന്‍മാരെ വിന്യസിക്കണമെന്ന് സിഐഎസ്എഫ് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയാണ് ആവശ്യം അറിയിച്ചത്. അതേസമയം സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതു വരെ അറസ്റ്റ് ചെയ്തത്.